നയപ്രഖ്യാപന പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ലോക്ഭവന്‍. പ്രസംഗത്തിലുണ്ടായിരുന്നത് അര്‍ധ സത്യങ്ങളാണ്. സര്‍ക്കാര്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ഇത് ഒഴിവാക്കാന്‍ ലോക്ഭവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുക്തമായ ഭേദഗതി വരുത്താമെന്ന് സര്‍ക്കാര്‍ മറുപടിയും നല്‍കിയിരുന്നുവെന്ന് ലോക്ഭവന്‍ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ രാത്രി 12 മണിക്ക് ഒരു മാറ്റവും വരുത്താതെ പ്രസംഗം തിരികെ അയക്കുകയായിരുന്നു. ബില്ലുകള്‍ കെട്ടിക്കിടക്കുന്ന സംഭവം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തുവെന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിട്ടില്ലെന്നും, അതിനാല്‍ അക്കാര്യം ഗവര്‍ണര്‍ക്ക് വായിക്കാന്‍ കഴിയില്ലെന്നും ലോക്ഭവന്‍ വ്യക്തമാക്കുന്നു.

ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന പരാമര്‍ശവും പ്രസംഗത്തിലുണ്ടായിരുന്നു. അതില്‍ അട്ടിമറിക്കുന്നു എന്ന പരാമര്‍ശത്തോട് വിയോജിപ്പുണ്ട്. മുന്‍കൂര്‍ തുകകള്‍ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു എന്ന് മാറ്റാമെന്ന് നിര്‍ദേശം വെച്ചിരുന്നുവെന്നും ലോക്ഭവന്‍ പറയുന്നു. ഭേദഗതി നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നു പറഞ്ഞെങ്കിലും സര്‍ക്കാര്‍ പ്രസംഗത്തില്‍ മാറ്റം വരുത്തിയില്ലെന്നുമാണ് ലോക്ഭവന്‍ വീശദീകരിക്കുന്നത്.

