“പിജെ ജോസഫിനു തുറന്ന കത്ത് “വൈറലാവുന്നു

കേരള കോൺഗ്രസിന്റെ കുടുംബ വാഴ്ച്ചയെക്കുറിച്ചും പി ജെ ജോസഫിന്റെ അധികാര കൊതിയെക്കുറിച്ചും മാത്യുജോസ്, മാങ്കുളം എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു .അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ :

“#ബഹുമാനപ്പെട്ടശ്രീപിജെജോസഫ്MLA
രാഷ്ട്രീയ കേരളത്തിന്‌ വേണ്ടി ഒരു തുറന്ന കത്ത്,
അങ്ങ് കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ബഹുമാനിക്കുന്ന വ്യക്തിയാണ്. സൗമ്യനും വ്യക്തമായ വികസന കാഴ്ചപ്പാടും ഉള്ള അങ്ങ് മന്ത്രി എന്ന നിലയിലും രാഷ്ട്രിയ നേതാവ് എന്ന നിലയിലും സംസ്ഥാനത്തിനും ഇടുക്കി ജില്ലയ്ക്കും തൊടുപുഴക്കും നൽകിയ സേവനങ്ങൾ അങ്ങയുടെ രാഷ്ട്രീയ ശത്രുക്കൾ പോലും അംഗീകരിക്കുമെന്നത് സത്യം.

MLA എന്ന നിലയിൽ അങ്ങയുടെ പൊതു ജന സേവനം 44 വർഷം പിന്നിട്ടു കഴിഞ്ഞു. എത് മനുഷ്യനും അവന്റെ പ്രായത്തിനു പരിമിതിയുണ്ട്. അങ്ങേയ്ക്കും.കേരള സംസ്ഥാനം രൂപം കൊള്ളൂമ്പോൾ അങ്ങേയ്ക്ക് 15 വയസ്സ് ഉണ്ടായിരിക്കണം.ഈ നിയമസഭ കാലഘട്ടത്തിൽ എത്ര ദിവസം അങ്ങയ്ക്കു നിയമസഭ നടപടികളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും എത്ര പ്രസംഗങ്ങൾ പറഞ്ഞെന്നും എത്ര വിഷയങ്ങൾ ഉയർത്തിയെന്നും നിയമസഭ രേഖകൾ ഉണ്ട്. അങ്ങേയ്ക്കും പ്രായമായി എന്നും പണ്ടേ പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ആദ്യം തിരിച്ചറിയാൻ കഴിയുക അങ്ങേയ്ക്കാണ്.

ഞാൻ ഒരിക്കലും കേരളാ കോൺഗ്രസ്‌ അംഗത്വം എടുത്തിട്ടില്ലെങ്കിലും എന്റെ പിതാവ് കേരള കോൺഗ്രസ്‌ അംഗത്വം ഉള്ള ആളും ദേവികുളം നിയോജക മണ്ഡലത്തിൽ അതിന്റെ നേതാവും ആയിരുന്നു. അതു കൊണ്ടു ഞാൻ രാഷ്ട്രിയ പ്രവർത്തനം ആരംഭിക്കുന്നത് വരെ എന്റെ കുടുംബം ഒരു കേരള കോൺഗ്രസ്‌ കുടുംബം ആയിരുന്നു. അന്ന് എന്റെ നാട്ടിൽ മൂന്നു കുടുംബങ്ങൾ മാത്രമാണ് കോൺഗ്രസ്‌ കാരായി ഉണ്ടായിരുന്നത് ബാക്കി എല്ലാം കേരള കോൺഗ്രസ്‌ കാരായിരുന്നു.

ഒരു പക്ഷേ മന്ത്രി എന്ന നിലയിൽ മാങ്കുളത്തിന് ഏറ്റവുമധികം വികസന കാര്യങ്ങൾ ചെയ്തിട്ടുള്ള ആൾ അങ്ങ് തന്നെയാണെന്ന് നിസംശയം പറയാം. സ്കൂൾ അനുവദിക്കുന്നതിലും, ഭൂമി വിതരണം ചെയ്യുന്നതിലും മലയോര ഹൈ വെയുടെ ഗതി മാങ്കുളം വഴി ആക്കുന്നതിലും ഒക്കെ അങ്ങ് ചെയ്ത നിസ്സീമമായ സഹായങ്ങൾക്ക് ഞങ്ങൾ എന്നും നന്ദി ഉള്ളവരാണ്.അങ്ങ് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി ആയിട്ടുണ്ട്. റവന്യു വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്, പൊതുമരാമത്തും വിദ്യാഭ്യാസവും,ജലസേചനവും കൈകാര്യം ചെയ്തിട്ടുണ്ട്.ഒരു രാഷ്ട്രീയ ക്കാരന് നേടാവുന്നതെല്ലാം നേടി. ഇനി അത്ര സുപ്രധാന വകുപ്പുകൾ ലഭിക്കാനുള്ള ആരോഗ്യം അങ്ങയുടെ പാർട്ടിക്ക് ഒട്ടു ഇല്ല താനും. അപ്പോൾ അധികാര മോഹം അല്ല അങ്ങയെ വീണ്ടും മത്സരിപ്പിക്കാൻ നിർബന്ധിക്കുന്നത്.

84 വയസ്സ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനുള്ള പ്രായമാണോ ശരിക്കും. അതു 70 വയസ്സേങ്കിലും ആയി നിജപ്പെടുത്തേണ്ടതല്ലേ❓

അങ്ങയുടെ അധികാര മോഹം അല്ല പാർട്ടിയിലെ ചില സമ്മർദമാണ് വീണ്ടും മത്സരിക്കുമെന്ന ചർച്ച ഉയർത്താൻ കാര്യമെന്നു ഞങ്ങൾക്കറിയാം. ക്രിസ്ത്യാനികളുടെ പാരമ്പര്യ രീതിയനുസരിച്ചു ഇളയ മകനാണ് തറവാടിനവകാശം. അതാണോ അപു.

ജോസ് K മാണിയെ പിന്തുടർച്ചക്കാരൻ ആക്കാൻ നോക്കിയപ്പോൾ ഉണ്ടായ പുകിൽ എന്തായിരുന്നു. പിള്ളയുടെ മകൻ ഗണേഷ്. ജേക്കബിന്റെ മകൻ അനൂപ്. അതെ പാതയിലൂടെ അപുവിനെ വാഴിക്കണം എന്നാണെങ്കിൽ രാഷ്ട്രിയം വെറും കുടുംബ കാര്യം ആകില്ലേ ❓

പി ജെ ജോസഫിന്റെ മകൻ അപു ജോൺ

മകന് അതിൽ താല്പര്യം ഉണ്ടെങ്കിൽ അയാൾ സ്വയം കഴിവ് തെളിയിച്ചു വരട്ടെ. അതിനായി പാർട്ടിയിൽ ഒരു യുവ മുഖവും ഉണ്ടാകാതിരിക്കാൻ നോക്കിയതിന്റെ പ്രത്യാഘാതം എത്ര ഭീകരമാണ്. ഇടുക്കി മണ്ഡലത്തിൽ പേരിനെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ പേര് ഉയർത്താൻ കഴിയാതെ അവിടെയും പി ജെ ജോസഫിന്റെ പേര് പറയേണ്ടി വന്നെങ്കിൽ അങ്ങും അങ്ങയുടെ പാർട്ടിയും പരാജയപ്പെടുന്നു എന്നു തന്നെയാണ് അർഥം.കേരളാ കോൺഗ്രസ്‌ ഒരിക്കൽ കർഷകരുടെ പാർട്ടി ആയിരുന്നു ഇന്നോ ❓

ഇടുക്കി ജില്ലയിലെ കർഷകർക്കെതിരെ ഈ സർക്കാർ കൊണ്ടുവന്ന എന്തെല്ലാം കർഷക വിരുദ്ധ നിയമങ്ങൾ ഉണ്ട്. ഭൂ ഭേദഗതി നിയമം. നിർമാണ നിരോധനം, മൂന്നാർ അതോറിറ്റി, ദുരന്ത ബാധിത പ്രദേശം ആയി പ്രഖ്യാപിക്കൽ, പട്ടയം നൽകുന്നതിനെതിരെ സുപ്രീം കോടതിയുടെ തടസ്സപ്പെടുത്താൽ ഇതിൽ ഏതെങ്കിലും വിഷയത്തിൽ കേരള കോൺഗ്രസ്‌ കർഷകർക്ക് ഒപ്പമെന്നു തോന്നൽ സൃഷ്ടിക്കാൻ എങ്കിലും കഴിഞ്ഞോ ❓ പ്രസക്തി നഷ്ടപ്പെടുകയാണ്. തിരിച്ചറിയാൻ കഴിയുന്നോ ❓

പി. ജെ ജോസഫ് തൊടുപുഴയിൽ നിന്നാൽ ജയിക്കുമെന്ന് എല്ലാവരും പറയുന്നു. ഇനി മറിച്ചു എങ്ങാനും സംഭവിച്ചാൽ അതെത്ര വേദനകരമായിരിക്കും ❓

ഒരു തവണ അങ്ങയുടെ പാർട്ടിയിൽ ഒരാൾക്ക് അവസരം നൽകി അങ്ങും മകനും തൊടുപുഴയിൽ മത്സരിക്കാതെ കേരള കോൺഗ്രസിന് ഒരു പുതു രാഷ്ട്രിയ നേതൃത്വം സൃഷ്ടിക്കാൻ ഈ അവസരം വിനിയോഗിക്കണമെന്നും ജില്ലയിലെ കർഷക വിഷയങ്ങളിൽ പാർട്ടിക്ക് നഷ്ട്ടപ്പെട്ട മേൽകൈ വീണ്ടെടുക്കണമെന്നും പൊതു ലോകത്തിന്റെ താല്പര്യം കൂടി മാനിച്ചു ശക്തമായ തീരുമാനം അങ്ങ് കൈകൊണ്ടു പാലത്തിനാൽ ജോസഫിന്റെ സൽപ്പേര് എന്നെന്നും നിലനിർത്തണമെന്നും വിനീതമായി വലിയ ബഹുമാനത്തോടെ അഭ്യർത്ഥിക്കുന്നു.ഇത് കേരളത്തിലെ ഇടുക്കിയിലെ സത്യസന്ധതയുള്ള പൊതു സമൂഹത്തിന്റെ അഭിപ്രായം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് ഈ ലേഖനം വായിക്കുന്നവരുടെ കമന്റ്‌ ശ്രദ്ധിക്കണം
🙏🙏🙏🙏

മാത്യുജോസ്, മാങ്കുളം”