വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി. മുതിര്‍ന്ന സിപിഎം നേതാവ് പാര്‍ട്ടി വിട്ടു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി. മുതിര്‍ന്ന സിപിഎം നേതാവ് എ വി ജയന്‍ പാര്‍ട്ടി വിട്ടു. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും എ വി ജയന്‍ പറഞ്ഞു. കർഷക സംഘം മുൻ ജില്ലാ പ്രസിഡന്റാണ്.

35 കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തില്‍ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. സി കെ ശശീന്ദ്രന്‍- റഫീഖ് പക്ഷത്തിനെതിരായ വിമര്‍ശനമാണ് വേട്ടയാടലിന് വഴിവെച്ചതെന്നും ജയന്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു കാലമായി കടുത്ത അവഗണനയാണ് നേരിടുന്നത്. ഇനിയും അവഗണന സഹിച്ച് മുന്നോട്ടുപോകാനില്ല. പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. ആരെയും വെല്ലുവിളിക്കാനില്ല. നമ്മളെ അവഗണിക്കുന്നയിടത്ത് സാന്നിധ്യമായി നിന്ന്, പിടിച്ചു കയറാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലല്ലോ എന്നും ജയന്‍ കൂട്ടിച്ചേര്‍ത്തു.

പൂതാടി ഗ്രാമപഞ്ചായത്ത് അംഗമാണ് ജയന്‍. പൂതാടിയിലെ ജനങ്ങള്‍ വിശ്വസിച്ച് ജയിപ്പിച്ചു. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ച് ഒരു അരികു പറ്റി പോകാനാണ് ആഗ്രഹിക്കുന്നത്. രണ്ടു മൂന്നു വ്യക്തികളുടെ വ്യക്തിവൈരാഗ്യമാണ് നടക്കുന്നത്. ആസൂത്രിതമായ അട്ടിമറികള്‍ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും ജയന്‍ പറഞ്ഞു.