ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചുവെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കവെയാണ് സത്യവാങ്മൂലം.’വീഡിയോ ഇപ്പോഴും രാഹുലിന്‍റെ കൈവശമുണ്ട്. രാഹുലിന് മുൻകൂർ ജാമ്യം നൽകിയാൽ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭയക്കുന്നു’ – പരാതിക്കാരി പറയുന്നു. ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും എന്നും സത്യവാങ്മൂലത്തിൽ ബോധിപ്പിക്കുന്നു.

ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തി. രാഹുവിന്‍റെ സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ് രാഹുൽ.
പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. രാഹുൽ യുവതിയുമായി സംസാരിച്ചതിന്‍റെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പമുണ്ട്.

നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

മൂന്നാമത്തെ ബലാൽസംഗ കേസിൽ രാഹുൽ അറസ്റ്റിലായ വിവരമടക്കം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.

