കേരള സർക്കാർ മാനേജ്മെൻ്റുകളെയും അധ്യാപകരെയും വഞ്ചിക്കുന്നുയെന്ന് ക്രൈസ്തവ സംഘടനയായ കെ സി ബി സി

ഭിന്നശേഷി സംവരണ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകർക്കും കൊടുത്തത് കുറുപ്പിൻ്റെ ഉറപ്പ് മാത്രമായിരുന്നു എന്ന് കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കെസിബിസി(കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ ) എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ബിഷപ്പ് പോൾ ആൻ്റണി മുല്ലശ്ശേരിയും കെസിബിസി എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി,ഫാ. ആൻ്റണി വി. അറക്കലും കുറ്റപ്പെടുത്തി .

നിയമനാംഗീകാരം തടയപ്പെട്ട പതിനാറായിരത്തോളം അദ്ധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിന് നടത്തിയ പ്രതിഷേധങ്ങളിലുയർത്തിയ ആവശ്യങ്ങൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്ര പൂർവ്വം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

എൻ എസ് എസ് ന് നൽകിയ സുപ്രീം കോടതി ഉത്തരവിൽ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും, നിയമനാംഗീകാരം നൽകാനുതകുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശ ശുദ്ധിയോടെ ആണെന്ന് കരുതാനാവില്ല. നിലവിലുള്ള സാഹചര്യത്തിൽ ലളിതമായി പ്രശ്നം പരിഹരിക്കാമെന്നിരിക്കെ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കി, നിയമനത്തിന് കൂടുതൽ കാലതാമസം വരുത്താനുള്ള സർക്കാരിൻ്റെ തന്ത്രം, വിദ്യാഭ്യാസ – മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാർഥതയില്ലായ്മയായി മാത്രമേ കാണക്കാക്കാനാകൂ.

പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ 32 കത്തോലിക്കാ രൂപത കളിലെ അദ്ധ്യാപകരും മറ്റ് സമാന സ്വഭാവമുള്ള സർക്കാരിൻ്റെ നീതി നിഷേധത്തിൽ ബുദ്ധിമുട്ടുന്ന സംഘടനകളുമായി ഒരുമിച്ച് വീണ്ടും അതിശക്തമായ സമരമാർഗ്ഗങ്ങളിലൂടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ്.

പൊതുവിദ്യാഭ്യാസ രംഗത്തെ ആകെ ദുർബ്ബലപ്പെടുത്തുന്ന ഈ വിഷയത്തിൽമുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ല എങ്കിൽ അടുത്ത തലമുറയെ വാർത്തെടുക്കുന്ന അദ്ധ്യാപകർ നീതി നിഷേധത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും നീതി നടപ്പാക്കാൻ കഴിയാത്ത ഭരണാധികാരികളെ താഴെയിറക്കാൻ നീതി നിഷേധിക്കപ്പെട്ട അദ്ധ്യാപകർ കെൽപ്പുള്ള വരാണെന്നുള്ള കാര്യം എല്ലാവരെയും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.