ശബരിമല തന്ത്രി കണ്ഠര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ ശബരിമല തന്ത്രി കണ്ഠര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.തന്ത്രിയുടെ ആരോ​ഗ്യം നിരീക്ഷിക്കുന്നതിനായാണ് ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു.കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ നിർദേശ പ്രകാരമാണ് ഐസിയുവിലേക്ക് മാറ്റിയത്. തന്ത്രിയുടെ രക്തസമ്മർദം കൂടിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ജയിലിൽ വച്ച് അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നാണ് തന്ത്രിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.ഡോക്ടർമാരുടെ റിപ്പോർട്ട് വന്നതിന് ശേഷമേ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ വ്യക്തത വരൂ.തന്ത്രി പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്ന് കഴിക്കുന്നുണ്ട്. നിലവിൽ കാലിൽ നീരുമുണ്ട്.

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ മുഖ്യ തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.