കളമശ്ശേരി നിയമസഭ മണ്ഡലം സീറ്റ് എടുക്കാൻ കോൺഗ്രസ് ;കൊടുക്കില്ലെന്ന് മുസ്ലിം ലീഗ് ;തെരെഞ്ഞെടുപ്പിനു മുമ്പ് കളമശ്ശേരി അങ്കം .

തെക്കൻ ജില്ലകളിൽ ലീഗിന് ലഭിക്കുന്ന സീറ്റുകളിലൊന്നാണ് കളമശ്ശേരി.എറണാകുളം ജില്ലയിൽ ലീഗിന്റെ ഏക സീറ്റാണിത്.2011 ലെ തെരെഞ്ഞെടുപ്പിലാണ് മട്ടാഞ്ചേരി ഇല്ലാതെയായി കളമശ്ശേരി നിലവിൽ വന്നത് .2011 ലും 2016 ലും മുസ്ലിം ലീഗിന്റെ വി കെ ഇബ്രാഹിം കുഞ്ഞാണ് കളമശ്ശേരിയിൽ രണ്ട് തവണ വിജയിച്ചത്.അതിനുമുമ്പ് മട്ടാഞ്ചേരിയിൽ നിന്നും വി കെ ഇബ്രാഹിം കുഞ്ഞു രണ്ടു തവണ വിജയിച്ചിട്ടുണ്ട്.മട്ടാഞ്ചേരി ഇല്ലാതെയാവുകയും കളമശ്ശേരി നിലവിൽ വന്നതോടെ ഇബ്രാഹിം കുഞ്ഞു കളമശ്ശേരിയിലെത്തുകയാണുണ്ടായത്.

മട്ടാഞ്ചേരിക്ക് പകരം കൊച്ചിയായപ്പോൾ ചില പ്രദേശങ്ങൾ കൂട്ടിച്ചേർക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്തിരുന്നു.അതോടെ മുസ്ലിം ഭൂരിപക്ഷമായ മട്ടാഞ്ചേരി കൊച്ചിയായപ്പോൾ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലമായി മാറി .അതുകൊണ്ടാണ് വി കെ ഇബ്രാഹിം കുഞ്ഞു കളമശ്ശേരിയിലേക്ക് എത്തിയത്.

കൊച്ചി നിയമസഭാമണ്ഡലത്തിൽ 2011 ൽ നടന്ന ആദ്യത്തെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡൊമിനിക് പ്രസന്റേഷൻ സിപിഎമ്മിലെ എം സി ജോസഫൈനെ പരാജയപ്പെടുത്തി.2016 ൽ നടന്ന തെരെഞ്ഞെടുപ്പിൽ ഡൊമിനിക് പ്രസന്റേഷനെ സിപിഎമ്മിലെ കെ ജെ മാക്സി തോൽപ്പിച്ചു .2021 ൽ കെ ജെ മാക്സി വീണ്ടും ജയിച്ചു.മുൻ കൊച്ചി മേയർ ടോണി ചമ്മണിയെയാണ് മാക്‌സി പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തവണ (2021 ) കളമശ്ശേരിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂറാണ് മത്സരിച്ചത്.സിപിഎം നേതാവ് പി രാജീവ് ഗഫൂറിനെ പരാജയപ്പെടുത്തി.യുഡിഎഫിനു മുൻതൂക്കമുള്ള കളമശ്ശേരി മണ്ഡലം പി രാജീവിലൂടെ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

ഇക്കുറി പി രാജീവ് മണ്ഡലത്തിൽ ‘ഒപ്പം’ ഉൾപ്പെടെ നിരവധി പരിപാടികൾ നടത്തിയതിനാൽ രാജീവിനാണ് മുൻ‌തൂക്കം .രാജീവിനെ പ്രതിരോധിക്കാൻ ഇപ്പോൾ കോൺഗ്രസ്’ ഒപ്പം ‘എന്ന പരിപാടി നടത്തുന്നുണ്ട്.രാജീവിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടാണ്.തദ്ദേശ തെരെഞ്ഞെടുപ്പിൽ കളമശ്ശേരി നിയമസഭ മണ്ഡലത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷം.14242 വോട്ടുകളുടെ ഭൂരിപക്ഷമാണ് കിട്ടിയത്.കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ പി രാജീവിന്റ ഭൂരിപക്ഷം 15,336 ആയിരുന്നു .രാജീവിന്റെ ഭൂരിപക്ഷം മറികടന്നാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 15,336 ഉയർന്നത്.ഈ കണക്കുകളാണ് കളമശ്ശേരി സീറ്റ് പിടിക്കാൻ ലീഗും കോൺഗ്രസും ആഗ്രഹിക്കാൻ കാരണം.

വരുന്ന 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കളമശ്ശേരി സീറ്റ് കോൺഗസ് എടുത്ത് ലീഗിന് മറ്റൊരു സീറ്റ് നൽകാൻ അണിയറ നീക്കം ശക്തമാണ് .അതിന്റെ ഭാഗമായാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേരുകൾ മായ്ച്ച് കൈപ്പത്തി ചിഹ്നം കളമശ്ശേരി മണ്ഡലത്തിൽ നിലനിർത്തിയിട്ടുള്ളത്.ഇത് സംബന്ധിച്ച് കളമശ്ശേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചത് പ്രാദേശിക കോൺഗ്രസുകാരുടെ വികാരം ആണ് .

കളമശ്ശേരി കോൺഗ്രസിന്റെ ഈറ്റില്ലമാണെന്നും അതുകൊണ്ടാണ് കൈപ്പത്തി മായ്ക്കാത്ത നിലനിർത്തിയത് എന്നുമാണ് അദ്ദേഹം ഏഷ്യാനെറ്റ് ചാനലിനോട് പറഞ്ഞത്.അതേസമയം കളമശേരിയിൽ വി കെ ഇബ്രാഹിം കുഞ്ഞു മത്സരിച്ചപ്പോൾ കോൺഗ്രസ് ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്.ഇനി ആര് സ്ഥാനാർത്ഥിയായാലും കോൺഗ്രസുകാർ പ്രവർത്തിക്കും എന്ന് അഷ്‌റഫ് പ്രതികരിച്ചു.

ലീഗിൽ നിന്നും ഈ സീറ്റ് എടുത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയോ എറണാകുളം ജില്ലയിലെ മുതിർന്ന നേതാവ് അബ്‍ദുൾ മുത്തലിബിനെയോ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.കളമശ്ശേരി സീറ്റ് യാതൊരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നാണ് കളമശ്ശേരി മണ്ഡലത്തിലെ ലീഗ് അണികൾ വ്യക്തമാക്കിയത്.ഷിയാസ് അനുകൂലിയായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷറഫ് കളമശ്ശേരി സീറ്റ് കിട്ടാൻ പരസ്യമായി രംഗത്ത് വന്നതിൽ ലീഗ് അണികളിൽ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.ലീഗിന് ഈ സീറ്റ് നൽകുന്നതിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളും അണികളും അസംതൃപ്‌തിയിലാണ് .ഏതായാലും ഈ സീറ്റ് കിട്ടാൻ ലീഗണികളും കോൺഗ്രസുകാരും അടി തുടങ്ങിയതായാണ് അഭ്യൂഹം.