വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ. വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. വെള്ളാപ്പള്ളിയെ അന്ധമായി പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.

വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങള്‍ ഇടതുപാര്‍ട്ടികള്‍ക്ക് ആശയപരമായി ചേരുന്നതല്ല. എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടത്തിയ തരത്തിലുള്ള ഇടപെടലല്ല ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴില്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ പിന്തുണയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല.

അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ എല്‍ഡിഎഫിനെതിരെ സംശയമുയരാന്‍ ഇടയാക്കും. അതിനാല്‍ വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്ന് സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തു വന്നിരുന്നു.
