തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിൽ വൻ തീപിടുത്തം ;നൂറിലധികം വാഹനങ്ങൾ കത്തി നശിച്ചു .

തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ തീപിടിത്തത്തിന്റെ നടുക്കം മാറാതെ പാര്‍ക്കിങ് കേന്ദ്രത്തിലെ ജീവനക്കാര്‍. നിമിഷ നേരം കൊണ്ട് തങ്ങളുടെ കണ്‍മുന്നില്‍ വച്ച് നൂറോളം ബൈക്കുകള്‍ കത്തിനശിക്കുന്നതിനാണ് വനിതാ ജീവനക്കാര്‍ സാക്ഷിയായത്. ഇലക്ട്രിക് ലൈനിനില്‍ നിന്ന് വീണ് സ്പാര്‍ക്കാണ് തീപിടിത്തത്തിലേക്ക് നയിച്ചത് എന്നാണ് ജീവനക്കാരുടെ പ്രതികരണം.

ആറരയോടെയാണ് സംഭവം. റെയില്‍വെയുടെ തന്നെ ഇലക്ട്രിക് ലൈനില്‍ നിന്നും ഒരു സ്പാര്‍ക്ക് താഴേക്ക് വീഴുന്നത് കണ്ടു. പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മൂടിയിട്ട പ്ലാസ്റ്റിക് ഷീറ്റിലേക്കായിരുന്നു തീഗോളം വീണത്. പിന്നാലെ പുക ഉയര്‍ന്നു. അന്നേരം അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെട തീ അണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിവേഗം തീ പടരുകയായിരുന്നു. പെട്രോള്‍ ടാങ്കിന് തീപിടിച്ചത് അഗ്നിബാധ വേഗത്തിലാക്കി. എന്നാണ് ജീവനക്കാരിയുടെ പ്രതികരണം. തീപടര്‍ന്ന ഉടന്‍ സ്റ്റേഷന്‍മാനേജരെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. പെട്ടെന്ന് രക്ഷപെട്ട് ഓടിയതിനാല്‍ അപകടം സംഭവിച്ചില്ലെന്നും പാര്‍ക്കിങ് കേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നു.

സംഭവം നടന്ന് ഒരു മണിക്കൂറിനകം തന്നെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെങ്കിലും വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൂറില്‍ അധികം വാഹനങ്ങളാണ് കത്തി നശിച്ചത്. ഏറെ പണിപ്പെട്ടാണ് കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തി തീ അണച്ചത്. നാശ നഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കാന്‍ സമയം എടുത്തേക്കും. പ്രതിദിനം അഞ്ഞൂറില്‍ അധികം വാഹനങ്ങളാണ് റെയില്‍വെ സ്റ്റേഷന്റെ പടിഞ്ഞാറ് വശത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്താറുള്ളത്.