പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ല. ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ല. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്യും. നടപടി വേണോ എന്നത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. ജില്ലാ കമ്മിറ്റി അത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ളവർക്ക് പോലീസിനെ സമീപിക്കാം. നിലവിൽ വിഷയം ജില്ലാ കമ്മിറ്റിയുടെ പരിധിയിലാണ്. സംസ്ഥാന കമ്മിറ്റി ഇടപെടേണ്ട സമയം വരുമ്പോൾ അക്കാര്യം ആലോചിക്കും. നിലവിൽ ജില്ലാ സെക്രട്ടറിക്ക് കാര്യങ്ങൾ ബോധ്യമുണ്ടെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.

പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നടത്തിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറിയിൽ വി.കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളടക്കം ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം. സിപിഎം നേതൃത്വത്തിനും ടി.എ.മധുസൂദനൻ എംഎൽഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച വി.കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുത്തേക്കും.

