കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ച 2026-ലെ ഡയറിയിൽ വികലമായ ഇന്ത്യൻ ഭൂപടം ഉൾപ്പെടുത്തിയതിനെതിരെ പോലീസിൽ പരാതി. കേന്ദ്ര സർക്കാർ അഭിഭാഷകനായ അഡ്വ. ആർ. പ്രശാന്ത് കുമാറാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഡയറിയിലെ 66-ാം പേജിൽ നൽകിയിരിക്കുന്ന ഭൂപടത്തിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളെ ഇന്ത്യയുടെ ഭാഗമല്ലാത്ത രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങൾ പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അടയാളപ്പെടുത്തലുകൾ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതാണെന്ന് പരാതിയിൽ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 152, 196, 353 എന്നിവ പ്രകാരവും, 1961-ലെ ക്രിമിനൽ നിയമ ഭേദഗതി നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും വിതരണം ചെയ്ത ഡയറികൾ ഉടൻ പിടിച്ചെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

