ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനാണ്?. പിന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

പ്രോസിക്യൂഷന്‍ വാദത്തിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപ്പോഴാണ് എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ ദേവസ്വം ബോര്‍ഡിന് വേറെന്താണ് പണിയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുന്‍ എ പത്മകുമാര്‍, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ശബരിമലയില്‍ പല ആവശ്യങ്ങള്‍ക്കായി താന്‍ 1.40 കോടി രൂപയോളം ചെലവഴിച്ചു. ഇപ്പോള്‍ 25 ദിവസമായി ജയിലില്‍ കഴിയുകയാണെന്നും ഗോവര്‍ധന്‍ കോടതിയെ അറിയിച്ചു. തികഞ്ഞ അയ്യപ്പഭക്തനായ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എസ്‌ഐടി കോടതിയില്‍ എതിര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കടത്തു കേസില്‍ ഏറ്റവും ഒടുവിലായി തന്ത്രി കണ്ഠരര് രാജീവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
