ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെ പ്രതികളായ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി നിരാകരിച്ചതിലാണ് ജസ്റ്റീസ് എ. ബദറുദീൻ്റെ വിമർശനം. തെറ്റ് തിരുത്താൻ ഒരു തവണ കൂടി അവസരം നൽകിയതാണെന്നും എന്നിട്ടും സർക്കാരിന് അനക്കമില്ലന്നും കോടതി പരാമര്‍ശിച്ചു.

അനാദരവാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ അനുമതി അധികാരം കോടതിക്ക് ലഭിക്കണമെന്നും ഇതിനായി നിയമ ഭേദഗതി വേണമെന്നും അഴിമതി അവസാനിക്കാനുള്ള മാർഗം ഇതു മാത്രമാണന്നും കോടതി വ്യക്തമാക്കി.

കേസിൽ പ്രതികളായ കോൺഗ്രസ് നേതാവ് ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം. അനുമതി നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകമ്പള്ളി മനോജാണ് കോടതിയെ സമീപിച്ചത്. മൂന്നു തവണയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

വിദേശരാജ്യങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തതിലൂടെ കശുവണ്ടി വികസന കോർപറേഷന് 500 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കേസ്. 2006 മുതൽ 2015 വരെയുള്ള കാലയളവിലാണ് ക്രമക്കേടുകൾ നടന്നതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ നടപടികളിലേക്ക് കടക്കാൻ കഴിയാത്തത് സർക്കാരിൻ്റെ നിസ്സഹകരണം മൂലമാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു.
കോൺഗ്രസിന്റെ പോഷക സംഘടനയായ ഐഎന്ടിയുസിയുടെ സംസ്ഥാന പ്രസിഡന്റാണ് ആർ. ചന്ദ്രശേഖരൻ. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ നിന്നും പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെ രക്ഷപ്പെടുത്താൻ പിണറായി സർക്കാർ എന്തിനു ശ്രമിക്കണമെന്ന് സിപിഎമ്മിലും മുറുമുറുപ്പുണ്ട്.

