വി ശിവൻ കുട്ടി വീണ്ടും നേമത്ത് മത്സരിക്കുമോ ഇല്ലയോ ?

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന പ്രസ്താവന മണിക്കൂറുകള്‍ക്കുളളില്‍ മന്ത്രി വി ശിവന്‍കുട്ടി തിരുത്തി . ഇത്തവണ നേമത്ത് മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് മന്ത്രി തന്നെ ഇക്കാര്യം തിരുത്തി ഇങ്ങനെ പറഞ്ഞു .നേമത്ത് മത്സരിക്കുമോ ഇല്ലെന്നോ താന്‍ പറഞ്ഞിട്ടില്ല എന്നാല്‍ ചിലര്‍ ഇതില്‍ മനഃപൂര്‍വം ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി .

‘നേമത്ത് താന്‍ രണ്ടുതവണ ജയിച്ചു. ഒരുതവണ തോറ്റു. ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. നേമത്ത് കുമ്മനം രാജശേഖരനെയും കെ മുരളീധരനെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന രീതി സിപിഎം നേതാക്കള്‍ക്കില്ല. പാര്‍ട്ടിയുടെ ഏത് തീരുമാനവും ഇതുവരെ അനുസരിച്ചിട്ടുണ്ടെന്നും എന്റെ പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍’-ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്ന് ഇത്തവണയും നേമം നിയോജകമണ്ഡലത്തിലായിരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിവന്‍കുട്ടി തന്നെ വീണ്ടും സ്ഥാനാര്‍ഥിയായില്‍ മത്സരം ശക്തമാകുമെന്നുറപ്പ്. 2016ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ ശിവന്‍കുട്ടി തിരിച്ചുപിടിച്ചിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ നടത്തി രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തില്‍ സജീവമായി. ലോക്സഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേമത്തുണ്ടായ മുന്നേറ്റമാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നല്‍കുന്നത്.

2021-ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് ശിവന്‍കുട്ടി പരാജയപ്പെടുത്തിയെങ്കിലും പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമം ബിജെപിക്കൊപ്പം നിന്നു. രാജീവ് ചന്ദ്രശേഖറായിരുന്നു നേമം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി. രാജീവ് ചന്ദ്രശേഖര്‍ ഏറ്റവുംകൂടുതല്‍ വോട്ട് സമാഹരിച്ചതും നേമത്ത് നിന്നായിരുന്നു. എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലവും ബിജെപിയെ തുണക്കുന്നതായിരുന്നു.

2021ലേതിന് സമാനമായി കോണ്‍ഗ്രസും ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ ഇത്തവണയും നിര്‍ത്തിയേക്കും. കഴിഞ്ഞ തവണ മത്സരിച്ച കെ മുരളീധരന്‍ നേമത്തെ എത്താനുള്ള സാധ്യത കുറവാണ്. മണ്ഡലത്തില്‍നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് കോണ്‍ഗ്രസ് നീക്കം.