വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടം ആയിരിക്കും

വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടം ആയിരിക്കും വരുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന് മാധ്യമ പ്രവർത്തകനായ ജാവേദ് പർവേശിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ:

ജാവേദ് പർവേശ്

സി പി എം ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളത്തിന്‍റെ പൊളിറ്റിക്കൽ നരേറ്റിവ് മാറുന്നത് കോൺഗ്രസ് മാത്രമല്ല, മതനിരപേക്ഷത ആഗ്രഹിക്കുന്നവരും ജാഗ്രതയോടെ നോക്കിക്കാണേണ്ടതാണ്.സമീപകാലത്തെ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾ, ബാലനും സജി ചെറിയാനും ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രസ്താവനകൾ തുടങ്ങിയവ ബിജെപിക്ക് പോലും കേരളത്തിൽ സാധ്യമല്ലാതിരുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മുസ്ലിം X ഹിന്ദു എന്ന നരേറ്റിവ് സൃഷ്ടിച്ചാൽ അതിനു ഇപ്പോഴത്തെ ഗുണം സിപിഎമ്മിനായിരിക്കും, നാളെ ബിജെപിക്കും.

രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പൂർണമായി വർഗീയാടിസ്ഥാനത്തിലായപ്പോഴും കേരളത്തിൽ അങ്ങനെയല്ലായിരുന്നു. മുസ്ലിം വിരുദ്ധത കേരളത്തിൽ ഓടിയിരുന്നില്ല. സെക്കുലറായ ഹിന്ദു ഭൂരിപക്ഷം മുസ്ലിം വിരുദ്ധതക്ക് കൈയടിച്ചിരുന്നില്ല.

ഈഴവ വോട്ടുകൾ പ്രധാനമായും സിപിഎമ്മിന് ലഭിച്ചിരുന്നു. സമദൂരത്തിലും നായർ വോട്ടുകളിൽ നല്ലൊരു പങ്ക് കോൺഗ്രസും നേടി. ഈഴവ വോട്ടുകളിലെ വൻ ചോർച്ചയിലെ അങ്കലാപ്പുമായാണ് സിപിഎം വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ കാർഡ് ഇറക്കുന്നത്. കേരളത്തെ ഇത് മറ്റൊരു ഉത്തരേന്ത്യൻ സംസ്ഥാനമാക്കും. ഇതിന്റെ ആദ്യ ഗുണഭോക്താവ് മാത്രമായിരിക്കും സിപിഎം. രണ്ടാമത്തെ ഗുണഭോക്താവായിരിക്കും യഥാർത്ഥ വിജയി.

മനുസ്മൃതിയെന്നും മറ്റും എത്രയൊക്കെ, ആരൊക്കെ പറഞ്ഞാലും ആദിവാസികൾ,പട്ടികജാതി-വർഗ വിഭാഗക്കാരെ രാജ്യവ്യാപകമായി അപ്രോപ്രിയേറ്റ് ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യനികളെയും. അതിതീവ്ര വർഗീയതയും വിഭജനത്തിന്‍റെ ചോരപ്പാടുകളുമുള്ള ബംഗാളിൽ മമതാ ബാനർജിയെപ്പോലെ ഒരു നേതാവുള്ളതുകൊണ്ടാണ് ബിജെപിയെ പിടിച്ചുകെട്ടാൻ കഴിയുന്നത്.

കേരളവും തമിഴ്നാടും ഉൾപ്പെടെ ചുരുക്കം പ്രദേശങ്ങൾ മാത്രമാണ് ബിജെപിക്ക് ബാലികേറാമല. അത് തകർക്കാനുള്ള ദീർഘകാല പദ്ധതി ബിജെപിയിലും നാഗ്പൂരിലും തയാറാണ്.അതിന്‍റെ ഒരു അധ്യായം മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.

വെള്ളാപ്പള്ളിയെ തുറന്നെതിർക്കുമ്പോൾ തന്നെ ഹിന്ദു Vs മുസ്ലിം എന്ന നരേറ്റിവ് സൃഷ്ടിക്കപ്പെടാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ അതീവ ജാഗ്രത പാലിക്കേണ്ട നേരമാണ് ഇത്. പ്രത്യേകിച്ചും വിമർശനത്തിന്റെ മെറിറ്റ് ഒളിപ്പിച്ച്, മുസ്ലിം ചടങ്ങിൽ കോൺഗ്രസ് നേതാവ് ഹിന്ദുക്കളെ അപമാനിച്ചുവെന്ന രീതിയിൽ വരെ തരം താണ പ്രചാരണം നടത്താൻ മടിക്കാത്തവർ അപ്പുറത്തുനിൽക്കുമ്പോൾ. മുസ്ലിം ലീഗ് കാണിക്കുന്ന പക്വതയും മിതത്വവും അഭിനന്ദിക്കപ്പെടേണ്ടതാണ്.

ശബരിമല സ്വർണക്കൊള്ള അടുത്ത തിരഞ്ഞെടുപ്പിൽ ഒരു തിരഞ്ഞെടുപ്പു വിഷയമാകില്ല. ആണെങ്കിൽ തന്നെ അത് പ്രധാന വിഷയമാകില്ല. ഒരേ വിഷയത്തിൽ രണ്ടു തവണ ഒരു പാർട്ടിയെ ശിക്ഷിക്കാനൊന്നും ജനം തയാറാകില്ല.

വരുന്ന കേരള തിരഞ്ഞെടുപ്പ് സെക്കുലർ കേരളവും സംസ്ഥാനത്തെ തീരാദുരിതത്തിലേക്ക് നയിക്കുന്ന ഒരു വർഗീയ പ്രൊജക്ടും തമ്മിലായിരിക്കും. ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും വിൽക്കുന്ന ചരക്കും വർഗീയതയാണ്.