വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളിൽ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന്(11 -01 -2026 ) തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. നേരിയ മഴ ലഭിക്കുമെന്നാണ് ഗ്രീൻ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴ ലഭിക്കും.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. ശബരിമലയിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ (മണിക്കൂറിൽ രണ്ട് സെൻ്റീമീറ്റർ വരെ) ആയ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.