തലമുറകളുടെ സംഗമവേദിയായി മഹാരാജാസിൽ രസതന്ത്രവിഭാഗം അധ്യാപക വിദ്യാർത്ഥി സംഗമം

മഹാരാജാസ് കോളേജിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രസതന്ത്ര വിഭാഗം സംഘടിപ്പിച്ച പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം തലമുറകളുടെ സംഗമവേദിയായി മാറി.1954 ൽ ഡിഗ്രി വിദ്യാർത്ഥികളായിരുന്ന മുതിർന്ന തലമുറ മുതൽ കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയ പുതിയ തലമുറ വരെയുള്ളവർ മഹാസംഗമത്തിന്റെ ഭാഗമായി.

പൂർവവിദ്യാർത്ഥിയും കാൻസർ രോഗ വിദഗ്ധനുമായ ഡോ. വി. പി ഗംഗാധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കലാലയത്തിലെ രസകരമായ ഒരുപാട് ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. മഹാരാജാസിലെ അനുഭവങ്ങളാണ് ജീവിതം പഠിപ്പിച്ചതെന്നും , കരുത്തോടെ മുന്നോട്ട് പോകുവാൻ ഈ അനുഭവങ്ങൾ പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം മൗത്ത് ഓർഗണിലൂടെ മനോഹരമായ ഗാനവും സദസുമായി പങ്കുവെച്ചു.

വി. എസ്. എസ്. സി ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ഡോ. കെ. എൻ നൈനാൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മഹാരാജാസ് തന്നെ എങ്ങനെ സ്വാധീനിച്ചു എന്നും വിവരിച്ചു.മുതിർന്ന അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിധ്യത്താൽ ഗൃഹതുരത്വത്തിന്റെയും സൗഹൃദത്തിന്റെയും മധുരം പങ്കിടുന്ന വേദിയായി മഹാസംഗമം മാറി.

പരിപാടിയിൽ എത്തിച്ചേർന്ന മുതിർന്ന അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. അലുംമിനി അസോസിയേഷൻ എല്ലാവർഷവും നൽകുന്ന എൻഡോവ്മെന്റുകളുടെ വിതരണവും ഇതോടൊപ്പം നടന്നു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശ് അധ്യക്ഷനായി.വകുപ്പ് മേധാവി ഡോ. ഫെമിന കെ, ഡോ. പി എസ് അജിത, ഡോ. അഞ്ജലി, പ്രൊഫസർ രാമൻ മേനോൻ, ഗവേണിഗ് ബോഡി മെമ്പർ ഡോ. എം എസ് മുരളി, അലുമിനി അസോസിയേഷൻ കോഓഡിനേറ്റർ ഡോ. നീന ജോർജ് എന്നിവർ പങ്കെടുത്തു.പരിപാടിയിൽ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

കവർ ഫോട്ടോയുടെ അടിക്കുറിപ്പ് :മഹാരാജാസ് കോളേജിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രസതന്ത്ര വിഭാഗം സംഘടിപ്പിച്ച പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കാൻസർ രോഗ വിദഗ്ധനുമായ ഡോ. വി. പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു.