ആരാണ് ഉമ്മൻ ചാണ്ടിയെ ചതിച്ചത് ? മന്ത്രി ഗണേഷ് കുമാറോ ? ചാണ്ടി ഉമ്മന് മറുപടി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഉമ്മന്‍ ചാണ്ടിയെ ഗണേഷ് കുമാര്‍ ചതിച്ചെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉണ്ടായ പുതിയ കഥ ആരെ പറ്റിക്കാന്‍ ആണെന്നും ഗണേഷ് കുമാര്‍ ചോദ്യം ഉന്നയിച്ചു. സിബിഐക്ക് പോലും താന്‍ നല്‍കിയ മൊഴിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മോശമായി ഒന്നുമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയാണ് തന്നെ ചതിച്ചതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ ഉമ്മന്‍ചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മന്‍ചാണ്ടിപോലും പറഞ്ഞിട്ടില്ലെന്ന് ഗണേശ് കുമാര്‍. ഒരു കുടുംബ വഴക്കിന് മന്ത്രിസ്ഥാനം രാജിവെപ്പിച്ചു. തന്റെ രണ്ടു മക്കളെയും വേര്‍പിരിച്ചത് ഉമ്മന്‍ചാണ്ടിയാണ്. തനിക്കും കുറേ പറയാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു മന്ത്രിസ്ഥാനം തരാം എന്ന് പറഞ്ഞിട്ട് എന്താണുണ്ടായത്. കാര്യങ്ങള്‍ പറയുമ്പോള്‍ അന്തസ്സ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയില്‍ കിടപ്പുണ്ട്. ഒരാള്‍ പോലും അതില്‍ ഹാജരാവുന്നില്ല.

ഒരു ചതിയന്‍ ആണെങ്കില്‍ ഇപ്പോൾ മന്ത്രി കസേരയില്‍ ഇരിക്കില്ലായിരുന്നു. ആരോപണങ്ങൾക്ക് ശേഷവും താന്‍ തെരഞ്ഞെടുപ്പ് ജയിച്ചു. വായില്‍ വിരല്‍ ഇട്ടാല്‍ കടിക്കും. കൊടികുന്നില്‍ സുരേഷ് എംപിക്കും ഇക്കാര്യങ്ങള്‍ അറിയാം. പറയാന്‍ ഇറങ്ങിയാല്‍ കൂടി പോകും. ചാണ്ടി ഉമ്മന്‍ നിര്‍ത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയില്‍ എന്താണ് ഉള്ളത്. മേലില്‍ ഇത്തരം കാര്യങ്ങള്‍ പറയരുതെന്നും മന്ത്രി ചാണ്ടി ഉമ്മന് മുന്നറിയിപ്പ് നല്‍കി.

പത്തനാപുരത്ത് നടന്ന പൊതുപരിപാടിയില്‍ ആയിരുന്നു ചാണ്ടി ഉമ്മന്‍ ഗണേഷ് കുമാറിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. സോളാര്‍ പരാതിക്കാരിയുടെ പരാതി 18 പേജില്‍നിന്ന് 24 പേജ് ആയി കൂടിയതിനുപിന്നില്‍ ഗണേഷ്‌ കുമാറാണെന്ന് ഉള്‍പ്പെടെയായിരുന്നു ചാണ്ടി ഉമ്മന്റെ ആരാപണങ്ങള്‍.