ലോക കേരള സഭയുടെ സ്വീകാര്യത വർധിപ്പിച്ചു: പിണറായി വിജയൻ

ലോക കേരള സഭയുടെ സ്വീകാര്യത വർധിപ്പിച്ചുയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെ ഒരു വേദി ലോകത്തെവിടെയെങ്കിലും ഉണ്ടെന്ന് ആരും കേട്ടിട്ടില്ല. പ്രവാസി സമൂഹത്തിനുള്ള പൊതുവേദിയായി ലോകകേരള സഭ മാറി. ലോക കേരള സഭയുടെ ആശയം പ്രാവർത്തികമാകുമ്പോൾ പലർക്കും സംശയമുണ്ടായിരുന്നു. ഇതുകൊണ്ട് എന്താണ് ഗുണം, കാര്യങ്ങൾ നടപ്പിലാകുമോ തുടങ്ങിയ സംശയങ്ങൾ ഉണ്ടായിരുന്നു. ചിലർ സംശയങ്ങൾ പ്രകടിപ്പിച്ചു. എന്നാൽ അഞ്ചാമത്തെ സമ്മേളനത്തിൽ എത്തി നിൽക്കുമ്പോൾ ആ സംശയങ്ങൾക്ക് ഉത്തരമായി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് പ്രവാസികളുടെ പാർലമെൻ്റാണ്. പ്രവാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനോട് ചേർന്ന് നിൽക്കാൻ എല്ലാവർക്കും ആവണം. നിർഭാഗ്യവശാൽ ചിലർ ഞാൻ ബഹിഷ്കരിക്കുകയാണ് എന്ന് പറയുന്നു. ചെറിയ കുട്ടികൾ ഭക്ഷണം വേണ്ട എന്ന് പിണങ്ങി നിൽക്കും പോലെയാണത്. തികച്ചും നിർഭാഗ്യകരമായ കാര്യമാണ്. ഇത്തരം വേദികളിൽ വന്ന് ക്രിയാത്മകമായ നിർദേശങ്ങൾ വയ്ക്കുകയും പിശകുകൾ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.