നിയമസഭ തെരഞ്ഞെടുപ്പില്‍ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുഡിഎഫിനോട് രണ്ടു സീറ്റ് ആവശ്യപ്പെടും . മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങളാണ് ലക്ഷ്യമിടുന്നത്. മാനന്തവാടിയില്‍ ജാനു മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സി കെ ജാനുവിന്റെ പാര്‍ട്ടിയെ അടുത്തിടെയാണ് യുഡിഎഫില്‍ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയത്.

സാമൂഹികമായും രാഷ്ട്രീയമായും തന്റെ അടിത്തറ മാനന്തവാടിയാണെന്ന് സി കെ ജാനു അഭിപ്രായപ്പെട്ടിരുന്നു. തന്റെ പോരാട്ടവും രാഷ്ട്രീയ യാത്രയുമെല്ലാം ആരംഭിച്ചത് മാനന്തവാടിയില്‍ നിന്നാണെന്നുംജാനു വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് മാനന്തവാടി ജാനുവിന് നല്‍കുന്നത് ആലോചിക്കുന്നത്. മാനന്തവാടിയില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ജാനു യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

മാനന്തവാടിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. മുന്നണി ഭൂരഹിതരായ, ഗോത്രസമുദായങ്ങളോട് നീതി പുലര്‍ത്തണമെന്നും, തന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവകരമായി ആലോചിക്കണമെന്നും സി കെ ജാനു ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫില്‍ ചേര്‍ന്നതോടെ പാര്‍ട്ടിക്ക് കൂടുതള്‍ ശക്തി വന്നതായും എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ചതായും ജാനു പറഞ്ഞു. നിലവില്‍ മന്ത്രി ഒ ആര്‍ കേളുവാണ് മാനന്തവാടിയിലെ എംഎല്‍എ.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹരായ ജനപ്രതിനിധികള്‍ തന്നെയാണ് ഉണ്ടാകേണ്ടതെന്നും സി കെ ജാനു അഭിപ്രായപ്പെട്ടു. നിലവില്‍ സിപിഎമ്മിലെ കെ എം സച്ചിന്‍ ദേവാണ് ബാലുശ്ശേരിയില്‍ എംഎല്‍എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിനിമാനടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചിരുന്നത്.

