കേരളത്തിലും ഹിന്ദു – മുസ്ലീം – ക്രിസ്ത്യൻ കലാപം ലക്ഷ്യമിട്ട് മതപരമായി ഭിന്നിപ്പിക്കാൻ ഒരു ക്രൈസ്തവ സഭാ തലവൻ രംഗത്തു വന്നതോടെ കേരളത്തിലും മണിപ്പൂർ ആവർത്തിക്കാൻ സാധ്യതയേറുന്നു. ബിജെപി ദേശീയ നേതൃത്വം കഴിഞ്ഞ 10 വർഷമായി ക്രൈസ്തവരെ ബിജെപിയോട് ചേർത്ത് നിർത്താൻ
കേരള ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും കേരള ബിജെപി ഇതുവരെ അതിന് തയ്യാറായിട്ടില്ല.
കേരള ബിജെപിയിലേയ്ക്ക് ക്രൈസ്തവർ കടന്നു വരുന്നതിനെ ശക്തമായി എതിർക്കുന്ന കെജെപി പക്ഷം, കേരളത്തിൽ ഹൈന്ദവ ഏകീകരണത്തിനായി പരമാവധി ശ്രമിക്കുന്നുണ്ട്. ക്രൈസ്തവർക്കെതിരെയും, മുസ്ലീങ്ങൾക്കെതിരെയും ഹിന്ദു മത വിശ്വാസികളിൽ ശത്രുത ഉണ്ടാക്കിയെടുക്കാൻ കെജെപി പക്ഷം കുറെ കാലങ്ങളായി പ്രയത്നിക്കുന്നു. അങ്ങനെയെങ്കിലും ഹിന്ദു ഇതര മത വിശ്വാസികളെ ബിജെപിയിൽ നിന്നും അകറ്റി നിർത്തുന്നതിനാണ് കെജെപി പക്ഷം ലക്ഷ്യം വയ്ക്കുന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതോടെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും, രാജീവ് ചന്ദ്രശേഖറിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കേരള ബിജെപിയിലെ വി. മുരളീധരൻ്റെ നേതൃത്വത്തിലുള്ള കെജെപി പക്ഷം ഇതുവരെ അനുവദിച്ചിട്ടില്ല. താൻ നായർ സമുദായത്തിൽ പെട്ടയാളാണെന്ന് തനിക്ക് കേരളത്തിൽ വന്നപ്പോഴാണ് മനസിലായതെന്ന കേരള ബിജെപി അദ്ധ്യക്ഷന്റെ പ്രസ്താവന തന്നെ താൻ മത ഭ്രാന്തനോ, വർഗ്ഗീയവാദിയോ അല്ലെന്ന് കേരളത്തിലെ ജനങ്ങളോട് പറയുന്നതായിരുന്നു.

കേരള ബിജെപിയിലെ മൂന്നോ നാലോ നേതാക്കളൊഴികെ മുരളീ പക്ഷവും, കൃഷ്ണദാസ് പക്ഷവും ചേരുന്നതാണ് കെജെപി പക്ഷം. കേരളത്തിലെ 30 ബിജെപി സംഘടനാ ജില്ലകളിൽ 26 ജില്ലകളും കെജെപി പക്ഷത്തിന്റെ കൈകളിലാണ്. മാത്രമല്ല കേരള ബിജെപി സംസ്ഥാന ഭാരവാഹികളിൽ സംസ്ഥാന അദ്ധ്യക്ഷനെ കൂടാതെ ഒന്നോ രണ്ടോ പേരൊഴികെ ബാക്കി എല്ലാവരും തന്നെ കെജെപി പക്ഷത്താണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ കാലും, കൈയ്യും കൂട്ടിക്കെട്ടി വെള്ളത്തിലിട്ട് നീന്തിക്കോളാൻ പറഞ്ഞ അവസ്ഥയാണ് കേരള ബിജെപിക്ക് ഇപ്പോഴുള്ളത്. കോൺഗ്രസിനും, സിപിഎമ്മിനും ബദലായി മൂന്നാമതൊരു രാഷ്ട്രീയ പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും കേരള ബിജെപിയിലെ തീവ്രവർഗ്ഗീയ വാദികളായ കെജെപി പക്ഷമാണ് തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾ മൂലം കേരളത്തിൽ ബിജെപിക്ക് ലഭിക്കേണ്ട ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തുന്നത്.

യാക്കോബായ – ഓർത്തഡോക്സ് തർക്കത്തിൽ ഒരു പക്ഷത്തിന്റെ കൂടെക്കൂടി ആ പക്ഷത്തിലെ പ്രമുഖരായ മുത്തൂറ്റ് ഗ്രൂപ്പിനും, മലയാള മനോരമ ഗ്രൂപ്പിനും വേണ്ടി കോടതിയെ പോലും സ്വാധീനിച്ചതിൻ്റെ ഫലമായാണ് രണ്ടു ക്രൈസ്തവ സഭാ വിഭാഗങ്ങളായി അവരെ വിഭജിച്ച് മുതലെടുപ്പ് നടത്തുന്നത്. കേരളത്തിൽ ഒറ്റക്കെട്ടായി നിന്ന ക്രൈസ്തവ സഭകളെ പല രാഷ്ട്രീയ ചേരികളിലാക്കി മാറ്റിയതിലൂടെ ക്രൈസ്തവ സമുദായത്തിന്റെ കെട്ടുറപ്പിനെ തന്നെയാണ് ഇല്ലാതാക്കിയിട്ടുള്ളത്.

കേരളത്തെ കേരളമാക്കാൻ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള ക്രൈസ്തവ സമുദായത്തെ തകർത്തതോടെയാണ് കേരളത്തിലെ യുവജനങ്ങൾ ജാതി – മത ഭേദമെന്യേ ഈ രാജ്യം തന്നെ വിട്ട് അന്യരാജ്യങ്ങളിൽ കുടിയേറുന്ന സ്ഥിതിവിശേഷം സംജാതമായിട്ടുള്ളത്. ഇത് മനസിലാക്കാനുള്ള സാമാന്യ ബോധവും, യുക്തിയും ക്രൈസ്തവ സഭാ നേതൃത്വങ്ങൾക്ക് നഷ്ടപ്പെട്ടുയെന്നാണ് ഒരു ക്രൈസ്തവ പുരോഹിതൻ പറഞ്ഞത് .
. തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് ഓരോ ക്രൈസ്തവ സഭാ നേതൃത്വവും ഇപ്പോൾ ആഗ്രഹിക്കുന്നത്. ക്രൈസ്തവ സഭാ വിശ്വാസികളെക്കാൾ തങ്ങളുടെ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് ഓരോ സഭാ നേതൃത്വവും ആഗ്രഹിക്കുന്നത്. യേശുക്രിസ്തുവിലുള്ള വിശ്വാസം നഷ്ടപ്പെട്ട പല സഭാ നേതാക്കളും അവരവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമായി പ്രവർത്തിച്ചു വരികയാണ്. യേശുക്രിസ്തു നൽകുന്ന സമാധാനം ക്രൈസ്തവ വിശ്വാസികളിലും, ഇതര മതസ്ഥരിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതിനും, അതിനു വേണ്ടി പ്രവർത്തിക്കുന്നതിനും പകരം രാഷ്ട്രീയ പാര്‍ട്ടികൾക്ക് വേണ്ടി കലാപങ്ങൾ ഉണ്ടാക്കുന്നതിന് സാമുദായിക നേതാക്കൾ ഒരുങ്ങുന്നതിനെക്കുറിച്ച് ജാതി – മത ഭേദമെന്യേ കേരളത്തിലെ ജനങ്ങൾ ബോധവാന്മാരായിരിക്കണം.

ഓണവും, ക്രിസ്തുമസ്സും, റംസാനും, വിഷുവും, ബക്രീദും, ഈസ്റ്ററും കേരളീയർ ഏകോദര സഹോദരങ്ങളെപ്പോലെ ആഘോഷിച്ചിരുന്ന ആ നല്ല നാളുകൾ രാഷ്ട്രീയ പാര്‍ട്ടികൾക്ക് വേണ്ടി ഇല്ലാതാക്കാൻ സമാധാനം ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങൾ തുനിയരുത്. ഹിന്ദുവെന്നും, ക്രിസ്ത്യാനിയെന്നും, മുസ്ലീമെന്നും മുദ്രകുത്തി തമ്മിൽ തല്ലിക്കുന്ന വിഭജനത്തിന്റെ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്താൻ കേരളത്തിലെ ജനങ്ങൾ തയ്യാറാകണം. ജാതിയുടെയും, മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിച്ച് അതിൽ നിന്നും ലാഭം കൊയ്യാനുള്ള തന്ത്രം കേരളത്തിൽ നടപ്പാവില്ല എന്നു പറയാനുള്ള ചങ്കുറപ്പ് മലയാളിക്കുണ്ടാകണം. എങ്കിൽ മാത്രമേ മതസൗഹാർദ്ദത്തിൻ്റെ ഈറ്റില്ലമായി കേരളം മാറുകയുള്ളൂ. മത വിശ്വാസത്തിന്റെ പേരിൽ കേരളത്തിലെ ഹിന്ദുവിനെയും, മുസ്ലീമിനെയും, ക്രൈസ്തവനെയും തമ്മിൽ തല്ലിക്കാനുള്ള ആർഎസ്എസിൻ്റെയും, എസ്ഡിപിഐയുടെയും, കാസയുടെയും ശ്രമങ്ങളെ ചെറുത്ത് തോൽപ്പിച്ച് ദൈവത്തിന്റെ സ്വന്തം നാടായി നമുക്ക് കേരളത്തെ മാറ്റാം.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും മുത്തൂറ്റ് ഗ്രൂപ്പിനെയും, മനോരമ ഗ്രൂപ്പിനെയും രക്ഷിച്ചതിന് കോടികളാണ് കെജെപി പക്ഷത്തിന് പ്രതിഫലം കിട്ടിയിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്.അതുകൊണ്ട് തന്നെ മുത്തൂറ്റും, മനോരമയും നയിക്കുന്ന ഓർത്തഡോക്സ് സഭയുമായി കെജെപി പക്ഷത്തിന് അഭേദ്യമായ ബന്ധമാണുള്ളതത്രെ
ബിജെപി ദേശീയ നേതൃത്വത്തിൻ്റെയും, കേന്ദ്ര സർക്കാരിന്റെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ക്രൈസ്തവർ ധാരാളമായി ബിജെപിയോട് അടുത്തു വരുന്ന സമയമാണിത്. അതുകൊണ്ട് തന്നെ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി നല്ല ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്തവ വോട്ടുകൾ ലഭിച്ചതുകൊണ്ടാണ്. ഇത് അംഗീകരിക്കാൻ കെജെപി പക്ഷം ഇപ്പോഴും തയ്യാറായിട്ടില്ല. ക്രൈസ്തവരെ ചേർത്തു പിടിച്ചാല്‍ മാത്രമേ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിൽ ഭരണത്തിലെത്താൻ സാധ്യതയുള്ളൂവെന്ന് ബിജെപി ദേശീയ നേതൃത്വത്തിന് നന്നായി അറിയാം.

പക്ഷേ ഇത് അംഗീകരിക്കാനോ ക്രൈസ്തവർക്ക് സംഘടനാ തലത്തിലും, തിരഞ്ഞെടുപ്പിലും പരിഗണന കൊടുക്കാനോ കേരള ബിജെപി നേതൃത്വത്തെ കെജെപി പക്ഷം ഇതുവരെ അനുവദിച്ചിട്ടില്ല. ക്രൈസ്തവരെ എങ്ങനെയും ബിജെപിയിൽ നിന്നും അകറ്റി, ഹിന്ദുക്കളുടെ ശത്രുക്കളാക്കി മാറ്റി അതുവഴി ഹൈന്ദവ ഏകീകരണം സാധ്യമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് കെജെപി പക്ഷം. കേരളത്തിലുള്ള മതസൗഹാർദ്ദം തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള കെജെപി പക്ഷത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകിയ ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ്റെ പ്രസ്താവന ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി കണക്കാക്കിയാൽ മതി.
സഭാ നിയമങ്ങളെയും, ഇന്ത്യൻ ഭരണഘടനയെയും കാറ്റിൽ പറത്തി യാക്കോബായ സഭയുടെ ഭൂരിപക്ഷം പള്ളികളും ഓർത്തഡോക്സ് വിഭാഗത്തിന് തട്ടിയെടുക്കാൻ കോടതികളെ പോലും സ്വാധീനിച്ച കെജെപി പക്ഷം അധികാരത്തിലെത്തിയാൽ ഏത് ഇന്ത്യൻ പൗരനാണ് സംരക്ഷണം ലഭിക്കുക? ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്ന അധികാരത്തിൻ്റെയും, ആധിപത്യത്തിൻ്റെയും, പിടിച്ചുപറിയുടെയും രാഷ്ട്രീയമല്ലേ ഇവർ പ്രയോഗിക്കുക? സമാധാനത്തോടെയും, സൗഹാർദ്ദത്തോടെയും ജീവിക്കുന്ന നാനാജാതി മതവിശ്വാസികളെ തമ്മിലടിപ്പിക്കുന്ന ഈ പ്രവണത കേരളത്തിലെ ജനങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഭാരതത്തിന്റെ അഖണ്ഡതയെ, ലോകം ആദരിക്കുന്ന ‘നാനാത്വത്തിൽ ഏകത്വം’ എന്ന സംസ്കാരത്തെ ആരും ഇല്ലാതാക്കരുത്. അത് നമ്മുടെ ഭാരതത്തെ പാക്കിസ്ഥാന് തുല്യമോ, മറ്റൊരു വെനസ്വേലയോ ആക്കി മാറ്റും. വർഗ്ഗീയതയും, തീവ്രവാദവും, ഭീകരതയും കൊടികുത്തി വാഴുന്ന ഒരു ഇന്ത്യയ്ക്ക് വേണ്ടിയല്ല നമ്മൾ ഇതുവരെ ത്യാഗങ്ങൾ സഹിച്ചത്. നമ്മുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും, നല്ല സംസ്കാരവും, നല്ല രാജ്യവും നൽകാനല്ലേ നമ്മൾ ഇത്രയും കാലം കഷ്ടപ്പെട്ടത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാരതത്തിന്റെ സംസ്കാരമല്ലേ നമ്മെ ലോകരാജ്യങ്ങളുടെ നെറുകയിലേയ്ക്ക് നയിക്കുന്നത്. അതെല്ലാം ഇല്ലാതാക്കി നമ്മുടെ രാജ്യത്തെ തീവ്രവാദികളുടെ കോട്ടയാക്കി നമ്മൾ മാറ്റണമോ? നമ്മൾ തന്നെ ചിന്തിച്ച് ഇതിന് ഒരു ഉത്തരം കണ്ടെത്തണം. എന്നിട്ട് അഭിമാനത്തോടെ പറയണം “ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരന്മാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; സമ്പൂർണ്ണവും വൈവിധ്യ പൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.
