അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ ജയിലിലേക്ക് ; എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്‌പീക്കർ

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍ അടയ്ക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

നേരത്തെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണ് നടന്നത്. പൊലീസ് ജീപ്പ് വളഞ്ഞ പ്രതിഷേധക്കാര്‍ രാഹുലിനെ കൂവി വിളിച്ചു. മുദ്രാവാക്യം വിളികളോടെയായിരുന്നു യുവജന സംഘടന പ്രവര്‍ത്തകരുടെ പ്രതിഷേധം. കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് വളരെ പ്രയാസപ്പെട്ടാണ് രാഹുലിനെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറക്കിയത്. പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെയാണ് പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടത്തി. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഒരു ആരോപണമല്ല, തുടര്‍ച്ചയായി ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വളരെ ഗൗരവമേറിയ കാര്യമാണിത്. എത്തിക്‌സ് ആന്റ് പ്രവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു.