വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെത് അട്ടിമറിയോ ? ഇതുവരെ വിമാനാപകടങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമായിട്ടുള്ള പ്രമുഖർ ആരൊക്കെ ?

മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം ബാരാമതിയിൽ ഇറങ്ങുന്നതിന് മുമ്പ് തകർന്നുവീണു. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി അജിത് പവാർ നിരവധി യോഗങ്ങളിൽ പ്രസംഗിക്കേണ്ട സ്ഥലത്തായിരുന്നു അപകടം . ബരാമതിയില്‍ നാലു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് അജിത് പവാര്‍ മുംബൈയില്‍ നിന്ന് പുറപ്പെട്ടത്.

രാവിലെ 8.10നാണ് വിമാനം മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനാപകടം ഉണ്ടായത് 9.12നാണ്. ആറ് മുതല്‍ എട്ട് പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന ലിയര്‍ജെറ്റ് 45 വിമാനം ചാര്‍ട്ട് ചെയ്താണ് ബരാമതിയിലേക്ക് പുറപ്പെട്ടത്. വിമാനത്തില്‍ അജിത് പവാറിന് പുറമേ രണ്ട് പൈലറ്റുമാരും രണ്ടു സുരക്ഷാ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ബരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ വിമാനം പൂര്‍ണമായി കത്തിനശിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചുറ്റും ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് നിന്ന് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വിമാനത്തിന് ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് അപകടകാരണമെന്നാണ് സൂചന. ഇതിന് പിന്നാലെ പൈലറ്റ് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായും പക്ഷേ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാം എന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബ്ലാക്ക് ബോക്സ് വീണ്ടെടുത്താല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.പൈലറ്റിനു വിസിബിലിറ്റി ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു .വിമാന അപകടം അട്ടിമറിയാണോയെന്നുംസംശയിക്കുന്നുണ്ട്.അനേഷണം നടക്കുന്നുണ്ട്.അതിനുശേഷമെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയൂ.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിമാനാപകടത്തിലെ ദാരുണമായ മരണത്തെ അവിശ്വസനീയമെന്നാണ് വിശേഷിപ്പിച്ചത്.തനിക്ക് ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം എടുത്താല്‍ നിരവധി നേതാക്കളാണ് വിമാനാപകടങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളെ കൂടാതെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ക്കും വിമാനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.അവർ ആരൊക്കെയാണെന്ന് താഴെ :

*അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രില്‍ 30നാണ് കൊല്ലപ്പെട്ടത്. തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്ക് പോവുകയായിരുന്ന ഹാന്‍സ് ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വെസ്റ്റ് കാമെങ് ജില്ലയില്‍ ഹെലികോപ്റ്റര്‍ കൊടും വനപ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു.

*ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശഖര റെഡ്ഡി എന്ന വൈ എസ് ആര്‍ 2009 സെപ്തംബര്‍ രണ്ടിനാണ് വിമാനാപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് ചിറ്റൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്ന വൈ എസ് ആര്‍ സഞ്ചരിച്ച ബെല്‍ 430 ഹെലികോപ്റ്റര്‍ നാലമല്ല വനത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

*2002 മാര്‍ച്ച് 3 ന് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് അന്നത്തെ ലോക്സഭാ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ ജിഎംസി ബാലയോഗി മരിച്ചത്.

*മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ 2001 സെപ്തംബര്‍ 30 ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.

*പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധി, ഡല്‍ഹിയില്‍ ഒരു ചെറുവിമാനം പറത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധി 1980 ജൂണ്‍ 23 ന് 33ാം വയസിലാണ് വിമാനാപകടത്തില്‍ മരിക്കുന്നത്.

*പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ഗുര്‍നാം സിങ് 1973 മെയ് 31 ന് ഡല്‍ഹിയില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്.

*ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായ ബല്‍വന്ത്റായ് മേത്ത പദവിയിലിരിക്കെ 1965 സെപ്തംബറില്‍ വിമാനം തകര്‍ന്നാണ് മരിച്ചത്.ഇന്ത്യ പാക് യുദ്ധകാലത്ത് കച്ച് അതിര്‍ത്തിക്ക് സമീപം പാക് വ്യോമസേന ബല്‍വന്ത്റായ് മേത്ത സഞ്ചരിച്ച വിമാനം വെടിവച്ചിടുകയായിരുന്നു

*ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സംയുക്ത സൈനിക മേധാവി) ജനറല്‍ ബിപിന്‍ റാവത്ത് 2021 ഡിസംബര്‍ 8 നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

*പ്രശസ്ത നടി സൗന്ദര്യ (കെ എസ് സൗമ്യ സത്യനാരായണ) 2004 ഏപ്രില്‍ 17ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരൂവില്‍ നിന്ന് കരിം നഗറിലേക്ക് പോകുന്നതിനിടയിലുണ്ടായ വിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്.

*ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ ഹോമി ജഹാംഗീര്‍ ഭാഭ 1966 ജനുവരി 24 നാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.