പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് മുതിര്‍ന്ന സിപിഎം നേതാവ്

പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദു കുട്ടി. പാടില്ലാത്തതായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായി. പാര്‍ട്ടി വിരുദ്ധമായതിനാല്‍ പ്രസ്താവന പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടല്ലോയെന്നും പാലൊളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേട്ടമുണ്ടാക്കിയത് പണം നല്‍കിയാണ്. ലക്ഷങ്ങള്‍ കൊടുത്താണ് ലീഗ് വോട്ടു വാങ്ങിയതെന്നും പാലൊളി മുഹമ്മദു കുട്ടി ആരോപിച്ചു.

വെള്ളാപ്പള്ളി നടേശനെ വെള്ള പൂശുന്നു എന്നതു ശരിയല്ല. അയാള്‍ പറയുന്ന ചില കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുന്നു. അതേസമയം അയാള്‍ പറയുന്ന ചില കാര്യങ്ങളോട് യോജിക്കാന്‍ കഴിയില്ല. നമുക്ക് ഇഷ്ടമുള്ളത് അയാള്‍ പറയണമെന്ന് നമുക്ക് നിര്‍ബന്ധിക്കാനൊന്നും പറ്റില്ല. മലപ്പുറത്തെയല്ല, മുസ്ലിം ലീഗിനെയാണ് ആക്ഷേപിച്ചത്. മുസ്ലിം ലീഗിനെപ്പറ്റി പറഞ്ഞാല്‍ അപ്പോള്‍ ഇസ്ലാമിനെപ്പറ്റിയാണെന്ന് പറയും. മലപ്പുറത്തെപ്പറ്റി പറഞ്ഞാലും അതെ. ആ രീതിയിലാണ് ലീഗ് ഇതിനെ നേരിടുകയെന്നും പാലൊളി പറഞ്ഞു.

മലപ്പുറത്ത് എസ്എന്‍ഡിപിയ്ക്ക് കോളജുകള്‍ അനുവദിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും പാലൊളി പറഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി കൂട്ടുകെട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇനി അവരുമായിട്ടുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു എന്നാണ് പറഞ്ഞത്. ഉണ്ടായിട്ടുള്ള കൂട്ടുകെട്ടല്ലേ അവസാനിപ്പിക്കാന്‍ കഴിയൂ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് ഇവിടെ ചെലവഴിച്ച പണത്തിന്റെ കണക്ക് പരിശോധിക്കൂ. കോടികളാണ് കെഎംസിസിയുടെ പേരില്‍ വരുന്നതെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.