രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ചില വട്ടന്മാർ തെറ്റുകളൊക്കെ ചെയ്യും. അതെല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്. ഇന്ത്യയിൽ എല്ലാ ആളുകൾക്കും അവരുടെ വിശ്വാസവും ഉത്സവങ്ങളും ആഘോഷിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ആരെങ്കിലും ഭരണഘടനയ്ക്ക് എതിരായി പ്രവർത്തിച്ചാൽ അവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അത്തരത്തിൽ ആരെങ്കിലും ചെയ്താൽ അതിനെ രാഷ്ട്രീയ അവസരമായി കാണുകയല്ല ചെയ്യേണ്ടത്. പകരം അവർക്കെതിരെ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടത്. അത്തരക്കാരെ പിടിച്ച് ജയിലിലാക്കുകയാണ് നമ്മുടെ കടമ. പൊതുരംഗത്ത് തെറ്റു ചെയ്യുന്നത് കണ്ടാൽ, അവർക്കെതിരെ കേസ് നൽകണം. അല്ലാതെ വിവാദമാക്കി, ജനങ്ങളെ തമ്മിൽ വിഭജിക്കുകയല്ല ചെയ്യേണ്ടത്. ഞാനാണെങ്കിൽ ഇത്തരം സംഭവം പറഞ്ഞാൽ കേസ് ഫയൽ നൽകുകയാണ് ചെയ്യുകയെന്നും ബിജെപി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

1.4 ബില്യണ്‍ ഇന്ത്യക്കാര്‍ ഉള്ള ഈ രാജ്യത്തില്‍ ചില കാര്യങ്ങളെല്ലാം നടക്കും. ചില വട്ടുള്ള ആള്‍ക്കാര്‍ ഉണ്ടാകും. ചിലര്‍ തെറ്റെല്ലാം ചെയ്യും. അതെല്ലാം ഞങ്ങളുടെ തലയില്‍ വെച്ച് കെട്ടിവെക്കുന്ന ഒരു പൊളിറ്റിക്‌സാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നത്. തങ്ങളോട് ആരെങ്കിലും പരാതി പറഞ്ഞാൽ അവരെ ചാനലുകൾക്ക് മുന്നിലെത്തിക്കുന്നതിന് പകരം അവരെ ജയിലിലാക്കാനാണ് നോക്കുക. പ്രധാനമന്ത്രി 2014 മുതൽ സ്ഥിരമായി പറയുന്നത് എല്ലാവർക്കും ഒപ്പമാണ് എന്നാണ്. മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിലും സംഘ്പരിവാറിന് എതിരെയാണ് പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

