അമേരിക്കയ്ക്ക് ചൈനയുടെ എട്ടിന്റെ പണി

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നാലാഴ്ചയ്ക്കകം കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് ചൈനയിലേക്കുള്ള സോയാബീന്‍ കയറ്റുമതിയാകും പ്രധാന ചര്‍ച്ചയാവുകയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. തീരുവയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായാണ് ട്രംപും ഷീയും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

ചൈന യുഎസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിയതിനാല്‍ കര്‍ഷകര്‍ ഏറെ പ്രയാസത്തിലാണെന്നു ട്രംപ് പറഞ്ഞു. വിലപേശലിന്റെ ഭാഗമായാണ് ചൈന സോയാബീന്‍ വാങ്ങല്‍ നിര്‍ത്തിയത്. അധിക തീരുവയിലൂടെ ലഭിച്ച വരുമാനത്തില്‍ ഒരു പങ്ക് പ്രയാസമനുഭവിക്കുന്ന കര്‍ഷകരുടെ സഹായത്തിനായി നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഈ മാസം അവസാനം ദക്ഷിണ കൊറിയയില്‍ നടക്കുന്ന അപെക്ക് (ഏഷ്യ പസഫിക് സാമ്പത്തിക ഇക്കണോമിക് കോഓപ്പറേഷന്‍) യോഗത്തില്‍ വച്ച് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ആദ്യം താന്‍ ചൈന സന്ദര്‍ശിക്കുമെന്നും പിന്നാലെ ഷി ചിന്‍പിങ് യുഎസ് സന്ദര്‍ശിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

യുഎസിന്റെ ഏറ്റവും വലിയ സോയ വിപണികളിലൊന്നാണ് ചൈന. സോയ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. എന്നാല്‍, ട്രംപിന്റെ തീരുവ യുദ്ധത്തിനു പിന്നാലെ ചൈന സോയാബീന്‍ വാങ്ങല്‍ നിര്‍ത്തി. അവസാന രണ്ടുമാസത്തിനിടെ ചൈന സോയാബീന്‍ ഇറക്കുമതി ചെയ്തിട്ടേയില്ല. ഇതോടെ, യുഎസ് സോയ കര്‍ഷകര്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.