കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞുവീണ് യുവതിയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍, ആറ്റിങ്ങല്‍ ഇളമ്പ മമതയില്‍ സോണി എസ്. കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ പഞ്ചായത്ത് ആനക്കോട്ടൂര്‍ പടിഞ്ഞാറ് മുണ്ടുപാറയ്ക്കല്‍ വിഷ്ണു വിലാസത്തില്‍ അര്‍ച്ചന (33), അര്‍ച്ചനയ്‌ക്കൊപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ശിവകൃഷ്ണന്‍ (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം.

ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന അര്‍ച്ചനയ്‌ക്കൊപ്പം രണ്ട് മാസം മുന്‍പാണ് ശിവകൃഷ്ണന്‍ താമസം തുടങ്ങിയത്. ഇന്നലെ രാത്രി ശിവകൃഷ്ണന്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കി. വീട്ടില്‍ ബാക്കിയുണ്ടായിരുന്ന മദ്യം അര്‍ച്ചന ഒളിപ്പിച്ചുവെച്ചതിനെ തുടര്‍ന്ന് ശിവകൃഷ്ണന്‍ അര്‍ച്ചനയെ മര്‍ദ്ദിച്ചു. ഇതേത്തുടര്‍ന്ന് അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ അര്‍ച്ചന വീട്ടു മുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു.

കൊട്ടാരക്കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സോണി എസ്. കുമാര്‍ അര്‍ച്ചനയെ രക്ഷപ്പെടുത്തി മുകള്‍ഭാഗത്തേക്ക് എത്തിച്ച സമയത്താണ് കിണറിന്റെ കല്‍ക്കെട്ട് ശക്തമായി ഇടിഞ്ഞുവീണത്. ഇതോടെ സോണിയും അര്‍ച്ചനയും കിണറിനുള്ളിലേക്ക് വീണു. രക്ഷാപ്രവര്‍ത്തനത്തിനായി ടോര്‍ച്ച് തെളിയിച്ച് കിണറിന്റെ കല്‍ക്കെട്ടില്‍ ചാരിനിന്ന ശിവകൃഷ്ണനും ഇടിഞ്ഞുവീണ കല്ലുകള്‍ക്കൊപ്പം കിണറ്റിലേക്ക് പതിച്ചു.

സോണിയെ ഉടന്‍ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന്, ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. മരിച്ച അര്‍ച്ചന മൂന്ന് കുട്ടികളുടെ അമ്മയാണ്.