ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ പ്രതിഷേധത്തിനിടെ ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, കോവളം എംഎല്‍എ എം വിന്‍സെന്റ്, ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു.

പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചീഫ് മാര്‍ഷലിന് ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും മന്ത്രി രാജേഷ് സഭയില്‍ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരെ പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി
ആക്രമണമുണ്ടാകുന്നുണ്ടെന്നും, സഭാ നടപടിക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്നത്തെ പ്രതിപക്ഷമായ ഇടതു മുന്നണി നിയമസഭയിൽ കാട്ടിക്കൂട്ടിയ അക്രമം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.അന്ന് നിയമസഭയിൽ ഇടതു നേതാക്കൾ കാണിച്ച അക്രമത്തിന്റെ ഫോട്ടോകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

സ്വര്‍ണപ്പാളി വിവാദത്തെത്തുടര്‍ന്ന് ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് നിയമസഭ കലുഷിതമാകുന്നത്. ഇന്നും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് നിലപാട് കടുപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങള്‍ ബഹളവുമായി നടുത്തളത്തില്‍ ഇറങ്ങിയതോടെ വാച്ച് ആന്‍ഡ് വാര്‍ഡും രംഗത്തെത്തി. പ്രതിപക്ഷം ഉയര്‍ത്തിയ ബാനര്‍ സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഈ സമയം ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അത് തടഞ്ഞു.
