നെയ്യാറ്റിൻകരയിൽ 52 കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരായ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ലോണ്‍ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വീട്ടമ്മ പറയുന്നത്.

മകനും മകള്‍ക്കുമായി രണ്ട് കുറിപ്പുകള്‍ വീതം വീട്ടമ്മ എഴുതിയിരുന്നു. ഇതില്‍ മകനെഴുതിയ കുറിപ്പിലാണ് താന്‍ നേരിട്ട അതിക്രമം വീട്ടമ്മ വ്യക്തമാക്കുന്നത്. കടയിലെത്തി നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ചെന്നും വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും മരിച്ച വീട്ടമ്മ കുറിപ്പിൽ ആരോപിക്കുന്നു.

കട ബാധ്യത തീർക്കാൻ വായ്പയ്ക്ക് വേണ്ടി സഹായിക്കണമെന്നാവശ്യപ്പെട്ട് ജോസ് ഫ്രാങ്ക്ലിനെ സമീപിച്ചപ്പോൾ അയാൾ തന്നോട് ലൈംഗികാവശ്യം ഉന്നയിച്ചു. ലോൺ തരാമെന്ന് പറഞ്ഞ് ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു.ഒരു തരത്തിലും അയാൾ പറയുന്നതനുസരിക്കാതെ ജീവിക്കാൻ പറ്റില്ലെന്ന ഘട്ടം എത്തിയപ്പോഴാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് കത്തിൽ പറയുന്നത്.