ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന സിനിമ;ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്

ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന സിനിമ ഹൈക്കോടതി കണ്ടേക്കും. എപ്പോള്‍, ആര്, എവിടെ സിനിമ കാണുമെന്ന് കോടതി ചൊവ്വാഴ്ച തീരുമാനിക്കും. സിനിമ കാണാമോ എന്ന ഹർജിക്കാരുടെ അഭിഭാഷകൻ്റെ ചോദ്യത്തിലാണ് കോടതി തീരുമാനം അറിയിച്ചത്. സിനിമയ്ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. മതവികാരം വ്രണപ്പെടുത്തുമെന്ന് അവകാശപ്പെട്ട് ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങളും ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി എന്നീ സംഭാഷണങ്ങൾ പരാമര്‍ശങ്ങളും നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. സിനിമയില്‍ 19 കട്ടുകള്‍ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് ഹര്‍ജിക്കാർ വാദിച്ചു. സിനിമയുടെ നിർമ്മാതാക്കളാണ് സെൻസർ ബോർഡ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.