
ശബരിമല സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട് ഡോ .കെ .എസ് .രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ദേയമാവുന്നു. നടൻ ജയറാം ആചാരാനുഷ്ഠാന ലംഘനം നടത്തി. സുപ്രീം കോടതിക്കും തെറ്റ് പറ്റി; വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞു നൽകിയ ചെമ്പ് എവിടെ പോയി? തുടങ്ങിയ ചോദ്യങ്ങളാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ രാധാകൃഷ്ണൻ ഉന്നയിക്കുന്നത് .ഡോ .കെ .എസ് .രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ :
“ശബരിമല: നടൻ ജയറാം ആചാരാനുഷ്ഠാന ലംഘനം നടത്തി. സുപ്രീം കോടതിക്കും തെറ്റ് പറ്റി; വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞു നൽകിയ ചെമ്പ് എവിടെ പോയി? എന്തു കൊണ്ട് വീണ്ടും പോറ്റി? മുൻ ദേവസ്വം പ്രസിഡൻ്റ് പദ്മകുമാർ കാര്യങ്ങൾ വ്യക്തമാക്കണം. ഭക്തർക്ക് മറുപടി ലഭിക്കണം.

നടൻ ജയറാം അഭിമാനത്തോടെ പറയുന്നു: “ശബരിമലയിലെ അയപ്പ ശ്രീകോവിൽ വിഗ്രഹങ്ങളുടെ ചില ഭാഗങ്ങൾ തൻ്റെ വീട്ടിലും എത്തി; പൂജ ഏറ്റുവാങ്ങി.” ഈ ഏറ്റുപറച്ചിൽ ശബരിമലയിൽ നടന്ന ആചാരാനുഷ്ഠാന ലംഘനങ്ങളുടെ സത്യവാങ്മൂലം കൂടിയാണ്. കാനന വാസിയായ അയ്യൻ കാടുവിട്ട് പുറത്തു പോകില്ല.

അയ്യനെ കാണാനുള്ളവർ 41 ദിവസം വ്രതം അനുഷ്ഠിച്ച് കല്ലും മുള്ളും ചവിട്ടി കഠിനമായ കരിമല കയറി, 18 പടികൾ ചവിട്ടി സന്നിധാനത്ത് എത്തി, ശ്രീകോവിലിന് മുന്നിൽ പുണ്യപാപകർമ്മ സമർപ്പണം നടത്തി മലയിറങ്ങണം. ഈ യാത്രയിൽ സഹായി ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന മന്ത്രം മാത്രം. സ്വാമി ഭക്തർക്ക് ആ മന്ത്രം മാത്രം മതി ആത്മരക്ഷക്ക്. വ്രതം നോറ്റ് ശരണം വിളിച്ച് അയ്യൻ്റെ മുന്നിലെത്തുന്ന അയ്യപ്പൻ ശ്രീകോവിലിൽ ഇരിക്കുന്ന അയ്യപ്പനെ കണ്ട് താനും അയ്യപ്പനും രണ്ടല്ല എന്ന് ബോദ്ധ്യപ്പെട്ട് മലയിറങ്ങുന്നു. ഈ അദ്വൈത ദർശനമാണ് തത്ത്വമസി.

ആ അന്തർദർശനം ചുളുവിൽ കിട്ടില്ല. പണവും പദവിയും പ്രശസ്തിയും വന്നു കഴിഞ്ഞാൽ സ്വാഭാവികമായും ലേശം അഹങ്കാരം കൂടി വന്ന് ചേരും. അപ്പോഴാണ് എളുപ്പവഴിയിൽ എന്തും നേടാൻ ശ്രമിക്കുന്നത്. ഇത്തരക്കാരെ സഹായിക്കാനാണ് ഇൻസ്റ്റൻ്റ് പുണ്യദാന പരിപാടിയുമായി ഉണ്ണികൃഷ്ണൻ പോറ്റിമാർ അവതരിക്കുന്നത്. നടൻ ജയറാമിൻ്റെ വീട്ടിൽ മാത്രമല്ല യാത്രയിൽ ഉടനീളം പ്രമാണിമാരുടെ വീടുകളിൽ അയ്യപ്പദർശന പുണ്യം നൽകാനായി ഉണ്ണികൃഷ്ണൻ പോറ്റി കഴിവതും ശ്രമിച്ചു.

നടൻ്റെ വീട്ടിൽ ശ്രീകോവിൽ ദ്വാരപാലകരെ എത്തിച്ചതും പൂജ നടത്തിയതും അനുഷ്ഠാന ലംഘനമാണ്. ഇക്കാര്യം നടൻ ജയറാം അറിയണമെന്നില്ല. പക്ഷേ, ക്ഷേത്രതന്ത്രികൾ ഇത് അറിയേണ്ടതല്ലേ? അയ്യപ്പവിഗ്രഹ ഭാഗങ്ങളുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഭവന സന്ദർശന അനുഗ്രഹദാന പരിപാടിക്ക് എതിരെ അവർ ഒരു വാക്ക് പോലും ഇതുവരെ പറഞ്ഞതായി രേഖയിൽ കാണുന്നില്ല. അന്ന് അവർ ഇക്കാര്യം അറിഞ്ഞില്ലേ ? അറിയാതിരിക്കാൻ ഇടയില്ല. അറിഞ്ഞിട്ടും എന്തുകൊണ്ട് അവർ നിശബ്ദത പാലിച്ചു?

ആ മൗനം ആയിരിക്കും അവർക്കും ലാഭകരം. ഓരോ അയപ്പക്ഷേത്രവും ഓരോന്നാണ്. ഒരു അയ്യപ്പക്ഷേത്രവും മറ്റൊന്നിൻ്റെ പ്രതിരൂപമല്ല. അതുകൊണ്ട് ആയിരം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ അത് അയ്യൻ്റെ ആയിരം ഭാവ പ്രതിഷ്ഠകളാണ്. ശബരിമലയിലേത് ഭഗവാൻ്റെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവ പ്രതിഷ്ഠയാണ്. അതുകൊണ്ട് തന്നെ ശബരിമല ധർമ്മശാസ്താവ് ഭവന സന്ദർശനം നടത്തി ഭക്തർക്ക് അനുഗ്രഹം ചൊരിയില്ല. ശബരിമല അയ്യപ്പ പ്രതിഷ്ഠയുടെ മൂല മന്ത്രം അതിന് അനുവാദവും നൽകുന്നില്ല. ഓരോ പ്രതിഷ്ഠയുടേയും തനിമ നിശ്ചയിക്കുന്നത് അതത് ക്ഷേത്രങ്ങളുടെ മൂല മന്ത്രങ്ങളാണ്. ആ മൂലമന്ത്രങ്ങളുടെ അധികാരികളാണ്

തന്ത്രിമാർ. സ്വാഭാവികമായും, പ്രവാചക മതങ്ങളുടെ ആരാധനാലയങ്ങളുമായി ക്ഷേത്രങ്ങളെ താരതമ്യം ചെയ്യാനുമാകില്ല. എറണാകുളത്തുള്ള ഒരു സുറിയാനി കത്തോലിക്കാ സെൻ്റ് ജോസഫ് പള്ളിയിലെ ആരാധനാ സ്വഭാവം തന്നെ ആയിരിക്കും ലോകത്ത് എവിടെയുള്ള സുറിയാനി കത്തോലിക്ക സെൻ്റ് ജോസഫ് പള്ളിയിലും. ക്ഷേത്രങ്ങൾ അങ്ങനെയല്ല. എന്നും എപ്പോഴും തുറന്നിരിക്കുന്ന അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ട്. ആർക്കും എപ്പോഴും കയറാവുന്ന അയ്യപ്പ ക്ഷേത്രങ്ങളും ഉണ്ട്. യാതൊരു വ്രതാനുഷ്ഠാനങ്ങളുമില്ലാതെ ആർക്കും എപ്പോഴും

കയറി ദർശനം നടത്താവുന്ന ക്ഷേത്രങ്ങളും ഉണ്ട്. ഇന്ത്യയുടെ സംസ്കാരത്തിൽ അന്തർലീനമായിരിക്കുന്ന ഭാവവൈവിദ്ധ്യം ക്ഷേത്രങ്ങളിലും കാണാവുന്നതാണ്. അതുകൊണ്ട് അയ്യപ്പനെ കാണാൻ ശബരിമലയിൽ എത്തുന്നവർ മാത്രം ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാൽ മതി. എല്ലാ അയ്യപ്പ ക്ഷേത്രങ്ങളും ഒരേ ആചാരാനുഷ്ഠാനങ്ങൾ പാലിക്കണം എന്ന് വിധിക്കാൻ സുപ്രീം കോടതിക്കും അധികാരമില്ല. എന്നാൽ ശബരിമല കേസിൽ വിധി പറഞ്ഞപ്പോൾ ഇക്കാര്യം സുപ്രീം കോടതി ഓർത്തില്ല. അത് അവരുടെ വിധി.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് സ്വർണ്ണം പൊതിഞ്ഞ ചെമ്പല്ല വെറും ചെമ്പായിരുന്നു എന്ന് വാശിയോടെ പറയുന്നത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്ന പദ്മകുമാറാണ്. അപ്പോൾ, വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞു നൽകിയ ചെമ്പ് എവിടെ പോയി? ആ ചെമ്പിൽ പൊതിഞ്ഞിരുന്ന സ്വർണ്ണത്തിന് എന്ത് സംഭവിച്ചു. ശബരിമലയെ പൊന്ന് പൂശാനായി ഉണ്ണിക്കൃഷ്ണൻ പോറ്റി അവതരിക്കുന്നത് 2019 ജൂലൈ 20നാണ്. അന്ന് അവിടെ ഉണ്ടായിരുന്നത് സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളായിരുന്നു.

സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികൾ പറിച്ചെടുത്ത് പോറ്റിയെ ഏല്പിക്കുമ്പോൾ സിപിഎമ്മിന്റെ പദ്മകുമാർ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് .അങ്ങയുടെ അറിവും സമ്മതവും ഇല്ലാതെ സ്വർണ്ണ പാളികൾ പൊതിഞ്ഞ ചെമ്പ് അവിടെന്നു നീക്കം ചെയ്യപ്പെടില്ല. 2019 ആഗസ്റ്റ് 29 നാണ് മദ്രാസിലെ പൊന്നുപൂശുന്ന സ്ഥാപനത്തിൽ പോറ്റി എത്തുന്നത്. ആ സ്ഥാപനത്തിൽ സ്വർണ്ണ പാളികൾ നീക്കം ചെയ്യപ്പെട്ട ചെമ്പുതകിടുകൾ മാത്രമാണ് ഏല്പിച്ചത് എന്ന് സ്ഥാപന ഉടമ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഞ്ച് കൊല്ലം കഴിയുമ്പോൾ വീണ്ടും സ്വർണ്ണം പൂശൽ നടത്താനായി”

ഇതേ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏല്പിക്കുന്നു. എന്തു കൊണ്ട് വീണ്ടും പോറ്റി? ഭക്തർക്ക് മറുപടി ലഭിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ .കെ എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
