ശബരിമല സ്വർണക്കൊള്ള;തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെക്കുറിച്ച് അനേഷണം

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടക്കും . 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്സ് രേഖകൾ അനേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും. തെളിവ് ശക്തമായാൽ ചോദ്യംചെയ്യലിലേക്ക് കടക്കുകയും ചെയ്യും.

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല മറയാക്കി നടത്തിയ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനമുണ്ടാക്കിയതെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയിൽ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കുകയായിരുന്നു പോറ്റി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളിൽ ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോർഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നായിരുന്നു ഇതര സംസ്ഥാനങ്ങളിലുളളവർ ധരിച്ചിരുന്നത്. എന്നാൽ ഇത് മറയാക്കി ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് എസ്ഐടിയ്ക്ക് ലഭിച്ച തെളിവ്.പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇതടക്കമുള്ള കാര്യങ്ങൾ റാന്നി കോടതിയിൽ അന്വേഷണസംഘം അറിയിക്കും.കസ്റ്റഡി കാലാവധി വീണ്ടും നീട്ടി നൽകാനും സംഘം ആവശ്യപ്പെട്ടേക്കും.

അതേസമയം, ശബരിമല കട്ടിളപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും,ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കേസിൽ ആറാം പ്രതിയുമായ മുരാരി ബാബുവിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. പിന്നാലെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു വരികയാണ്.സ്വർണക്കൊള്ളയിൽ ഉന്നത ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് നീക്കം.ഇരുവരുടെയും ആസ്തി വിവരങ്ങളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.ഇക്കാര്യത്തിലും വ്യക്തത തേടും.

സംസ്ഥാനത്തിന് പുറത്തു നിന്നും തെളിവെടുപ്പിടിനിടെ കണ്ടെടുത്ത സ്വർണം റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ആകെ 608 ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. ബെല്ലാരിയിലെ വ്യവസായി ഗോവർദ്ധന്റെ പക്കൽ നിന്നും കണ്ടെടുത്ത സ്വർണം സ്വർണപ്പാളികളിലെ ആണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ഉടൻ നടത്തും. സ്മാർട്ട് ക്രിയേഷൻസിനെ കേന്ദ്രീകരിച്ചും എസ്‌ഐടി കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.