ശബരിമലയിലെ സ്വർണ്ണക്കൊള്ള: കണ്ഡരര് രാജീവരര് പിതൃസ്ഥാനത്ത് നിന്നുകൊണ്ട് പുത്രഹത്യയ്ക്ക് കൂട്ടുനിന്നു.

ശബരിമലയിലെ സ്വർണ്ണക്കൊള്ള: കണ്ഡരര് രാജീവരര് പിതൃസ്ഥാനത്ത് നിന്നുകൊണ്ട് പുത്രഹത്യയ്ക്ക് കൂട്ടുനിന്നുയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ .കെ എസ് രാധാകൃഷ്ണൻ .ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത് .അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ :

“ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി വിധിച്ചു. സ്വർണ്ണം ചെമ്പാക്കി മാറ്റാനുള്ള ഉത്തരവിൽ ഒപ്പ് വെച്ചിരിക്കുന്ന ഏഴ് പേരിൽ ഒരാൾ ശബരിമല തന്ത്രി താഴമൺ മഠം കണ്ഡരര് രാജീവരര് ആണ്. ശബരിമല അയ്യപ്പനെ പിതൃസ്ഥാനത്ത് നിന്ന് പരിരക്ഷിക്കേണ്ട ബാദ്ധ്യത തന്ത്രിക്ക് ഉണ്ട്.

1999ൽ വിജയ് മല്യ ശ്രീകോവിലിൽ സ്വർണ്ണം പൊതിയുമ്പോഴും കണ്ടരര് രാജീവരരായിരുന്നു തന്ത്രി. എന്നിട്ടും, ശ്രീകോവിലിൽ ചെമ്പിൽ സ്വർണ്ണം പൊതിഞ്ഞതല്ല വെറും സ്വർണ്ണം പൂശിയ ചെമ്പാണ് അത് എന്ന കള്ളപ്രമാണത്തിൽ ഇദ്ദേഹം 2019ൽ ഒപ്പ് വെച്ചു. ഒരു അർത്ഥത്തിൽ പിതൃസ്ഥാനത്തു നിന്നുകൊണ്ട് പുത്രഹത്യയ്ക്ക് കൂട്ട് നിന്നു എന്നും പറയാം. അക്കാലത്തെ തിരുവാഭരണം കമ്മീഷണർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്കുട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻ്റ് എഞ്ചിനീയർ, ദേവസ്വം സ്മിത്ത് എന്നിവരാണ് കൂട്ടുപ്രതികൾ. ഇവരെല്ലാം ഒന്നു ചേർന്നാണ് സ്വർണ്ണം ചെമ്പാക്കി മാറ്റിയത്.

വിജയ് മല്യ സ്വർണ്ണം പൊതിയാൻ നടത്തിയ കത്തിടപാടുകളും സ്വർണ്ണത്തിൻ്റെയും ചെമ്പിൻ്റെയും അളവ് തൂക്കങ്ങളും മറ്റ് വിശദ വിവരങ്ങളും അടങ്ങുന്ന രേഖകൾ ദേവസ്വം ഓഫീസിൽ ലഭ്യമല്ല. കാരണം അവയെല്ലാം ഒന്നുകിൽ നശിപ്പിക്കപ്പെട്ടു അല്ലെങ്കിൽ അവയെല്ലാം അവിടെ നിന്നും മാറ്റപ്പെട്ടു. പക്ഷേ, ഇവരുടെ

ശ്രദ്ധയിൽ പെടാതെ ഒരു രേഖ അവശേഷിച്ചു. അത് 4/5/1999ൽ ശ്രീകോവിലിൽ സ്വർണ്ണം പൊതിയാൻ അനുമതി നൽകിക്കൊണ്ടുള്ള ഒരു കത്താണ്. അതിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് ശ്രീകോവിൽ സ്വർണ്ണം പൂശുകയല്ല സ്വർണ്ണം പൊതിയുകയായിരുന്നു എന്ന്. ഈ രേഖയ സൗകര്യപൂർവ്വം തമസ്കരിച്ചുകൊണ്ടാണ് ഈ ഏഴംഗ സംഘം സ്വർണ്ണം പൊതിഞ്ഞ ചെമ്പ് എന്നതിനു പകരം വെറും ചെമ്പ് എന്ന് മഹസറിൽ എഴുതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എന്ന് കോടതി കണ്ടെത്തി.

മാത്രമല്ല, ശബരിമലയിലെ നടപടിക്രമങ്ങൾ നിശ്ചയിക്കുന്ന നടപടിക്രമ ചട്ടങ്ങളുടെ (മാനുവൽ) 152-ാം ഖണ്ഡികയിൽ വ്യക്തമായി പറയുന്നു “ശ്രീ കോവിലിൻ്റെ അറ്റകുറ്റപ്പണികൾ ക്ഷേത്രത്തിന് അകത്തു വെച്ചു തന്നെ നടത്തണം”. ഈ വ്യവസ്ഥ അറിഞ്ഞുകൊണ്ട് ലംഘിച്ചാണ്ദ്വാരപാലക വിഗ്രഹങ്ങളെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏല്പിച്ചതെന്നും അവയെ ക്ഷേത്രത്തിന് പുറത്തു കൊണ്ടു പോകാൻ അനുവദിച്ചതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഈ അനുഷ്ഠാന ലംഘനത്തിനും തന്ത്രി കൂട്ടുനിന്നു. കൂടാതെ തന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ശബരിമല ശ്രീകോവിലിന് കാവൽ നിൽക്കുന്ന ദ്വാരപാലക വിഗ്രഹങ്ങളെ തെരുവിൽ എഴുന്നെള്ളിക്കാനും കാശുള്ളവരുടെ അന്തപ്പുരങ്ങളിൽ പൂജ നടത്താനും ഒരു പോറ്റിക്കും കഴിയില്ല എന്നതാണ് വസ്തുത. അങ്ങനെ സ്വർണ്ണം കടത്താൻ മാത്രമല്ല ശബരിമല ക്ഷേത്രത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കാനും തന്ത്രി കൂട്ടുനിന്നു എന്ന കാര്യത്തിൽ ഇപ്പോൾ സംശയമില്ല. ഇന്ന് തന്ത്രി മാദ്ധ്യമങ്ങളെ കണ്ടിരുന്നു. തൻ്റെ നിഷ്കളങ്കതയും നിരപരാധിത്വവും വിവരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ അത് വിശ്വസിക്കാനാകില്ല. മല്യ കനം കുറഞ്ഞ സ്വർണ്ണത്തകിടുകൊണ്ട് ശ്രീകോവിൽ പൊതിയുമ്പോഴും കണ്ഠരര് മോഹനരര് ആയിരുന്നു തന്ത്രി.

അതിനു അദ്ദഹം ദൃക്സാക്ഷികമായിരുന്നു. എന്നാൽ പത്തു കൊല്ലം കഴിഞ്ഞപ്പോൾ അത് വെറും ചെമ്പാണ് എന്നു കാണിക്കുന്ന വ്യാജരേഖയിൽ അദ്ദേഹത്തിന് എങ്ങനെ ഒപ്പുവെയ്ക്കാൻ കഴിഞ്ഞു? സ്വർണ്ണവും ചെമ്പും തിരിച്ചറിയാതിരാക്കുവാൻ കഴിയും വിധം നഷ്കളങ്കനാകാൻ എന്തായിരുന്നു പ്രേരകഘടകം എന്ന് ചോദിക്കാതിരിക്കാൻ കഴിയില്ല. അതുപോലെ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളെ തെരുവിൽ എഴുന്നെള്ളിച്ച് പണക്കാർക്ക് എളുപ്പ വഴിയിൽ അനുഗ്രഹ ലബ്ധിക്കായി വിറ്റഴിച്ചതും തന്ത്രി അറിഞ്ഞില്ല എന്നു കരുതാനാകില്ല. ഈ ആചാരലംഘനം ശ്രദ്ധയിൽ വന്നപ്പോൾ അതിന് എന്തു പരിഹാരക്രിയയാണ് തന്ത്രി ചെയ്തത് എന്ന് അറിയുവാനും താല്പര്യമുണ്ട്.

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണവും വെള്ളിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുള്ള രണ്ട് ദ്വാരപാലക വിഗ്രഹങ്ങളെ കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെ അറിഞ്ഞു? പോറ്റിക്ക് സ്ട്രോംഗ് റൂമിൽ കയറാൻ അർഹതയും അധികാരവുമില്ല. ഒന്നുകിൽ സ്ട്രോംഗ് റൂമിൽ കയറാൻ അധികാരുള്ളവരിൽ ആരോ ഇക്കാര്യം പോറ്റിയെ അറിയിച്ചിരിക്കണം. അല്ലെങ്കിൽ അനധികൃതമായി പോറ്റി സ്ട്രോംഗ് റൂമിൽ കയറി പരിശോധിച്ചിട്ടുണ്ടാകണം.

അതുകൊണ്ടാണ് പോറ്റി അതും എടുത്തു മാറ്റാൻ അനുവാദം ചോദിച്ചത്. സംഭവം ക്രിമിനൽ കേസുകളായത് കൊണ്ട് പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാദ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ പദ്മകുമാറിൻ്റേയും എൻ വാസുവിൻ്റേയും പങ്കിനുള്ള ചെമ്പ് തെളിഞ്ഞുവരുന്നുണ്ട്. ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുന്നു. എല്ലാവരും അവരവരുടെ രക്ഷ നോക്കുന്നു.

ഇത്രയ്ക്ക് വ്യാപകവും ഗുരുതരവുമായ പകൽ കൊള്ള ദേവസ്വം ബോർഡ് പ്രസിഡൻ്റ്, അംഗങ്ങൾ എന്നിവർ അറിയാതെ നടക്കും എന്നു കരുതാനാകില്ല. അവർക്ക് അക്കാര്യം അറിയാമായിരുന്നു എങ്കിൽ അവരുടെ മന്ത്രിയായിരുന്ന കടകംപള്ളിയും അത് അറിഞ്ഞിരിക്കും.”