മടങ്ങിയെത്തിയ പ്രവാസികളെയും നോര്‍ക്ക കെയറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രധാനമായ ഈ ഉത്തരവ്.

പ്രവാസി മലയാളികള്‍ക്കുവേണ്ടി നോര്‍ക്ക നടപ്പാക്കുന്ന ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. പ്രവാസി ലീഗല്‍ സെല്ലിനുവേണ്ടി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാം മടങ്ങിയെത്തിയ പ്രവാസികളായ പെരുകിലത്തു ജോസഫ്, പി അനില്‍കുമാര്‍ എന്നിവര്‍ നല്കിയ ഹർജിയിലാണ് ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കേരള സര്‍ക്കാര്‍ നോര്‍ക്ക കെയര്‍ പദ്ധതി പ്രഖ്യാപിച്ച ഉടന്‍തന്നെ മടങ്ങിയെത്തിയ പ്രവാസികളെ നോര്‍ക്ക കെയറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര് മുരളീധരന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും ഈ നിവേദനത്തില്‍ യാതൊരു നടപടിയും നോര്‍ക്ക എടുക്കാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളെ മാറ്റിനിര്‍ത്തുന്നത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചു.

നാടിന്റെ വികസനത്തില്‍ വര്‍ഷങ്ങളോളം വിദേശത്തുനിന്നുകൊണ്ടു പ്രവര്‍ത്തനം നടത്തിയ മടങ്ങിയെത്തിയ പ്രവാസികളെ നോര്‍ക്ക കെയറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ ഗ്ലോബല്‍ വക്താവും ബഹറിന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷനുമായ സുധീര്‍ തിരുനിലത്ത്, ദുബായ് ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ ടി.എന്‍ കൃഷ്ണകുമാര്‍, അബുദാബി ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ ഡോ. ജയ്പാൽ ചന്ദ്രസേനന്, ഷാര്‍ജ അജ്മാന് ചാപ്റ്റര്‍ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്, യൂ.കെ. ചാപ്റ്റര്‍ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, കുവൈത്ത് ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ്, ഒമാന്‍ ചാപ്റ്റര്‍ അധ്യക്ഷ അഡ്വ. ജെസ്സി ജോസ്, സൗദി ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ പീറ്റര്‍ വര്‍ഗീസ് എന്നിവര്‍ സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
