പശ്ചിമ ബംഗാളില്‍ പെൺകുട്ടികൾ സുരക്ഷിതരല്ലേ ? മെഡിക്കല്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായി

പശ്ചിമ ബംഗാളില്‍ 23-കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായി. രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ യുവതിയാണ് പീഡനത്തിനിരയായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ദുര്‍ഗാപുരില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.നേരത്തെ ഒരു മെഡിക്കൽ വിദ്യാർത്ഥിനിയെ ബ്ലംൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വിവാദമായിരുന്നു.

ഭക്ഷണം കഴിക്കുന്നതിനായി തന്റെ സുഹൃത്തിനൊപ്പം കോളേജ് ക്യാംപസില്‍നിന്ന് പുറത്തേക്ക് പോയതായിരുന്നു യുവതി. ഇതേസമയം മൂന്നുപേര്‍ അടങ്ങുന്ന സംഘം യുവതിയെ പിന്തുടരുകയായിരുന്നു. ഭയന്നുപോയ യുവതിയുടെ സുഹൃത്ത് രക്ഷപ്പെട്ടു. യുവതി സുഹൃത്തിന് പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല.

തുടര്‍ന്ന് ഇവര്‍ യുവതിയെ സമീപത്തുള്ള ഒരു വനപ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഇതേസമയം, പ്രതികളുടെ സഹായികളായ രണ്ടുപേര്‍ കൂടി സംഭവസ്ഥലത്തേക്കെത്തി. ഇതിലൊരാളാണ് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. യുവതിയുടെ മൊബൈല്‍ തട്ടിപ്പറിച്ച അക്രമിസംഘം ഒച്ചവെച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും ചോദ്യംചെയ്യാനായി ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സമീപപ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.