ഒക്ടോബർ 12 ഞായറാഴ്ച പൾസ് പോളിയോ ദിനമായി ആചരിക്കുകയാണ്. ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 1,89,307 കുട്ടികൾക്കാണ് പൾസ് പോളിയോ ദിനത്തിൽ പോളിയോ തുള്ളി മരുന്ന് നൽകുന്നത്.

ഇതിനായി 1947 ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 1940 ബൂത്തുകൾ പ്രവർത്തിക്കും. കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, മെട്രോ സ്റ്റേഷനുകൾ, എയർപോർട്ട് എന്നിവിടങ്ങളിലായി 40 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും ക്രമീകരിക്കും.
ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും, കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 64 മൊബൈൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്

പൾസ് പോളിയോ ദിനത്തിൽ അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള ബൂത്തിലെത്തിച്ച് പോളിയോ തുള്ളി മരുന്ന് നൽകണം. ഏതെങ്കിലും കാരണവശാൽ ഒക്ടോബർ 12 ന് തുള്ളി മരുന്ന് നല്കാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ അടുത്ത രണ്ടു ദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകുന്നതായിരിക്കും.

ബൂത്തുകളിൽ സേവനമനുഷ്ഠിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട് .
