പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യം

പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പോഞ്ഞാശ്ശേരി മൂൺലെറ്റ് കൺവെൻഷൻ സെൻ്ററിൽ ജില്ലാ ക്ഷീരസ൦ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പോഞ്ഞാശ്ശേരി മൂൺലെറ്റ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ക്ഷീര സംഗമം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

എല്ലാ ജില്ലകളിലും ആയിരക്കണക്കിന് ക്ഷീര കർഷകർ പങ്കെടുക്കുന്ന ജില്ലാതല മേളകളാണ് നടക്കുന്നത്. പാലുൽപാദന രംഗത്ത് കേരളം മുന്നോട്ട് കുതിക്കുകയാണ്. ഉൽപാദന ക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തി നിൽക്കുന്നു. ഒന്നാം സ്ഥാനത്ത് എന്തുകൊണ്ട് എത്തുന്നില്ല എന്ന തരത്തിലേക്കുള്ള നല്ല ചർച്ചകൾ വരണം.10.77 ലിറ്റർ പാലാണ് ശരാശരി ഒരു പശുവിൽ നിന്നും നമുക്ക് ലഭിക്കുന്നത്. നിലവിലുള്ള പശുക്കളിൽ നിന്ന് തന്നെ ഉൽപാദനം കൂട്ടുക എന്ന വലിയ ലക്ഷ്യമാണ് നമ്മുടെ മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.

ക്ഷീര മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. പശുക്കളെ വളർത്തുന്നതിനായി കുറഞ്ഞ സബ്സിഡിയിൽ പണം കടം ലഭിക്കുന്ന പദ്ധതികളും പശുക്കൾക്ക് ഇൻഷുറൻസ് എടുക്കാൻ കഴിയുന്ന പദ്ധതികളും നിലവിലുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ വെറ്ററിനറി ആംബുലൻസുകൾ ഉണ്ട്. 1962 എന്ന നമ്പറിൽ വിളിച്ചാൽ ഡോക്ടറുടെയും അറ്റൻ്ററുടെയും സേവനം വീട്ടുമുറ്റത്ത് എത്തും. ആവശ്യമുള്ള മരുന്നുകൾ കൂടി ഈ വാഹനങ്ങളിൽ കരുതാൻ ഉള്ള നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ മികച്ച ക്ഷീരകർഷകരെ ആദരിച്ചു. മികച്ച ക്ഷീര കർഷകയായി ആനി എബിയും മികച്ച ക്ഷീര കർഷകനായി ജിനിൽ മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗം ക്ഷീര കർഷകക്കുള്ള പുരസ്കാരം ഷിനിബ റോയ് സ്വന്തമാക്കി. മോനു വർഗീസ് മികച്ച യുവ ക്ഷീര കർഷകനായും അഫ്സ സലിം മികച്ച യുവ ക്ഷീര കർഷകയായും തിരഞ്ഞെടുക്കപ്പെട്ടു.

പരിപാടിയുടെ ഭാഗമായി ക്ഷീര മേഖലയെ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ക്ഷീര കർഷകർക്ക് ഉപകാരപ്പെടുന്ന ഉപകരണങ്ങൾ, പശുക്കൾക്കുള്ള തീറ്റകൾ, വിവിധ പാൽ ഉൽപന്നങ്ങൾ, മൃഗങ്ങൾക്കുള്ള ഹോമിയോ മരുന്നുകൾ എന്നിവയുടെ പ്രദർശന മേളയും പരിപാടിയോട് അനുബന്ധിച്ച് നടന്നു.

യോഗത്തിൽ പിവി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അൻവർ അലി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ , കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി എ എം ബഷീർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ഡെപ്യൂട്ടി ഡയറക്ടർ എം ഷഫീന, മിൽമ എറണാകുളം റീജണൽ ചെയർമാൻ സി എൻ വത്സൻ പിള്ള, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി എൽദോസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ അസീസ് മൂലയിൽ, ഷാജിതാ നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷമീർ തുകലിൽ , ആബിദ ഷരീഫ്, എ എം സുബൈർ, ഷംല നാസർ, കെ ഇ കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.