ശബരിമല സ്വർണപ്പാളി കേസ് :എ ഡി ജി പി: എച്ച്.വെങ്കിടേഷിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷിക്കും.

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർച്ച ചെയ്ത കേസ് എ ഡി ജി പി: എച്ച്.വെങ്കിടേഷിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

സ്വർണപ്പാളി സംബന്ധിച്ച വിവാദത്തിൽ അന്വേഷിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയുടെ ഇടപെടലിലൂടെയാണ് 2019ലെ വിവാദ സ്വർണം പൂശൽ അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്.ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികള്‍ സ്പെഷൽ കമ്മിഷണറെ അറിയിക്കാതെ സ്വർണം പൂശാൻ ചെന്നൈയ്ക്കു കൊണ്ടുപോയ സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തുടർന്ന്, ഇക്കഴിഞ്ഞ സെപ്റ്റംബർ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് മുതലുള്ള കാര്യങ്ങൾ കോടതി ഇന്ന് പരാമർശിച്ചു. പലതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു എന്നു വ്യക്തമാക്കിയാണ് കോടതി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. എന്നാൽ, ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോഡിനും അറിയാവുന്ന വിഷയമാണ്.ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളികളാണ്.

ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും വിഷയത്തിൽ കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നത്.ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജി വക്കണം. ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണം. ഈ വിഷയത്തിൽ നിയമസഭയിൽ നോട്ടീസ് നൽകിയ അന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി പോലും തന്നില്ലെന്നും മന്ത്രിമാരുടെ മറുപടികൾ വിചിത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ഇതിനിടെ, ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്.
സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലന്‍സിന്‍റെ നിര്‍ണായക കണ്ടെത്തൽ. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വര്‍ണം പൊതിയാൻ കൊണ്ടുപോയത്.

ഒന്നര കിലോ സ്വര്‍ണമാണ് ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞതെന്നും എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരിച്ച് എത്തിച്ച പാളിയിലുള്ളത് 394 ഗ്രാം സ്വര്‍ണം മാത്രമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കവര്‍ന്നുവെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. യു ബി ഗ്രൂപ്പ് ചെയർമാർ വിജയ് മല്യ സ്വര്‍ണമാണ് പൊതിഞ്ഞതെന്നും എട്ട് സൈഡ് പാളികളിലായി നാലു കിലോയാണ് പൊതിഞ്ഞതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഇതിൽ രണ്ട് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു.ആ പാളികളിൽ എത്രസ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടിൽ പറയുന്നു.