ആദ്യമായാണ് വിദേശ രാജ്യത്തെ രാഷ്ട്രീയ നേതാവ് കേരളത്തിൽ വച്ച് അന്തരിച്ചത്.കെനിയന്‍ രാഷ്ട്രീയത്തിലെ അതികായനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന റെയ്‌ല ഒഡിങ്ക (80) ആയിരുന്നു അദ്ദേഹം.

എറണാകുളം ജില്ലയിലെ കിഴക്കൻ പ്രദേശമായ കൂത്താട്ടുകളത്താണ് അന്തരിച്ചത് . ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സയ്ക്കായി ആറ് ദിവസം മുമ്പാണ് റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവില്‍ ദേവമാതാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകള്‍ റോസ് മേരി ഒഡിങ്കയും മറ്റ് ബന്ധുക്കളും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

നേരത്തെ മകള്‍ റോസ് മേരിയുടെ നേത്രചികിത്സയുമായി ബന്ധപ്പെട്ട് റെയ്‌ല ഒഡിങ്ക ശ്രീധരീയം ആശുപത്രിയില്‍ എത്തിയിരുന്നു. ആ ചികിത്സ ഫലപ്രദമായിരുന്നു. എംബസിയുടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കെനിയയിലേക്ക് കൊണ്ടുപോകും. ഭാര്യ: ഇഡ ഒഡിങ്ക. മക്കള്‍: റോസ് മേരി ഒഡിങ്ക, ഫിദല്‍ ഒഡിങ്ക, വിന്നീ ഒഡിങ്ക, റെയ്ല ഒഡിങ്ക ജൂനിയര്‍.

കെനിയന്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു റെയ്‌ല ഒഡിങ്ക. ഓര്‍ഗാനിക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (ODM) നേതാവായ അദ്ദേഹം 2008 മുതല്‍ 2013 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. 1992 മുതല്‍ 2013 വരെ ലങ്കാറ്റാ നിയോജക മണ്ഡലത്തെ പാര്‍ലമെന്റില്‍ അദ്ദേഹം പ്രതിനിധീകരിച്ചു. 2013 മുതല്‍ കെനിയന്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
