ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

പാലോളി കമ്മിറ്റി റിപ്പോര്‍ട്ട്, ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനു സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നു ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍.

വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായി ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ഏകദിന സെമിനാറില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തയ്യാറാക്കിയ കരട് നയരേഖ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പാലോളി കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കിയതിലൂടെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണതയില്‍ എത്തുന്നതോടെ ക്രിസ്തീയ ജനവിഭാഗങ്ങളിലെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിയില്‍ വലിയ മുന്നേറ്റം സാധ്യമാകും.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ന്യൂനപക്ഷ ക്ഷേമവകുപ്പ് വഴി സംസ്ഥാനത്തെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 75,525 അഭ്യസ്തവിദ്യര്‍ക്കു പി.എസ്.സി പരിശീലനം നല്‍കുകയും 4330 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ 2025 സര്‍വേ കണക്കുകള്‍ പ്രകാരം മുസ്ലിം വിഭാഗത്തില്‍ 18.2 ശതമാനം, പിന്നോക്ക ഹിന്ദു വിഭാഗത്തില്‍ 13.6 ശതമാനം, മുന്നാക്ക ഹിന്ദു വിഭാഗത്തില്‍ 11.7 ശതമാനം, പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ 14.1 ശതമാനം, മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ 15 ശതമാനം, എസ്‌സി വിഭാഗത്തില്‍ 16.9 ശതമാനം, എസ്ടി വിഭാഗത്തില്‍ 17.5 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക്. ഇതില്‍നിന്നും വ്യക്തമാകുന്നത് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ തൊഴിലില്ലായ്മ വളരെ ഉയര്‍ന്നു എന്നാണ്.

വിഷന്‍ 2031 ലൂടെ വിദ്യാഭ്യാസത്തിലും തൊഴിലിലും ആരോഗ്യത്തിലും സാംസ്‌കാരിക ഇടപെടലുകളിലും ന്യൂനപക്ഷ വിഭാഗങ്ങളെ കേരളത്തില്‍ പ്രഥമ നേതൃത്വ സ്ഥാനത്ത് എത്തിക്കുക എന്നതാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും അവര്‍ക്കു വിദ്യാഭ്യാസവും തൊഴിലും നല്‍കി മുന്‍പന്തിയിലേക്കു കൊണ്ടുവരാനും ലക്ഷ്യം വെക്കുന്നുണ്ട്.

ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കാവസ്ഥ പരിശോധിക്കുന്നതിനായി ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തു രൂപീകരിച്ച ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 254 ശിപാര്‍ശകളില്‍ 186 എണ്ണം വിവിധ വകുപ്പുകള്‍ നടപ്പാക്കിയിട്ടുണ്ട്. 12 ശിപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്. ബാക്കിയുള്ളവ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും കരട് നയരേഖയില്‍ വ്യക്തമാക്കുന്നു. ഓരോ വകുപ്പും സ്വീകരിച്ച നടപടിക്രമങ്ങളുടെ തത്സ്ഥിതിയും നയരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൂടെ ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ നിന്ന് 3,23,753 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം സ്‌കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസ് മേഖലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു കൂടുതല്‍ അവസരം ഒരുക്കുന്നതിനായി കേരളത്തിന്റെ മൂന്നു മേഖലകളിലായി പ്രത്യേക സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കും.ബാങ്കിംഗ്, എസ്എസ്‌സി, റെയില്‍വേ ഉദ്യോഗങ്ങള്‍ക്കുള്ള പരിശീലനവും ഇതിനോടൊപ്പം ലഭ്യമാക്കും.

സൈനിക മേഖലയില്‍ ന്യൂനപക്ഷങ്ങളുടെ അംഗബലം വളരെ കുറവാണ്. ഇതു വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക, അര്‍ദ്ധസൈനിക മേഖലകളിലേക്കുള്ള ശാരീരികക്ഷമതയും പരീക്ഷാ പരിശീലനം ഉള്‍ക്കൊള്ളുന്ന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണം.

മെഡിക്കല്‍/എന്‍ജിനീയറിങ് പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കും. ഉയര്‍ന്ന പഠന നിലവാരമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന്റെ ആവശ്യത്തിനായി ചീഫ് മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെല്ലോഷിപ്പ് നടപ്പാക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു മൂന്നുഗഡുക്കളായി 7.20 ലക്ഷം രൂപ നല്‍കാനാണു വകുപ്പ് ഉദ്ദേശിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങള്‍ പഠിക്കാനായി രാജ്യാന്തര നിലവാരത്തിലുള്ള റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. ഒരുപക്ഷേ ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ സംരംഭം ആയിരിക്കുമിത്.

ന്യൂനപക്ഷ സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. വിധവകള്‍, വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി കാലോചിതമായ പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കുന്നതും പരിഗണനയിലുണ്ട്.

ന്യൂനപക്ഷ യുവജനങ്ങള്‍ക്കു നൂതന സാങ്കേതികവിദ്യയിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, ന്യൂനപക്ഷ കലകളുമായി ബന്ധപ്പെട്ട പ്രതിഭകളെ കണ്ടെത്തി അവരെ പുതുതാരയിലേക്കു കൊണ്ടുവരുക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍തൂക്കം നല്‍കുന്ന പദ്ധതി തുടങ്ങിയവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടതാണ്.

ഇതോടൊപ്പം സിഖ്, ബുദ്ധ, ജൈന, പാഴ്‌സി തുടങ്ങിയ മതവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രത്യേക ക്ഷേമപദ്ധതികള്‍ കരട് നയരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ ശാക്തീകരണ പദ്ധതി, സ്വയംതൊഴില്‍ സംരംഭകത്വ സഹായ പദ്ധതി, ഉന്നത പഠനത്തിനുള്ള പിന്തുണ, സാംസ്‌കാരിക പൈതൃക സംരക്ഷണം തുടങ്ങിയവ അവയില്‍ ചിലതാണ്.