14 മായി ഭൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ തുടരുന്ന അരിപ്പ ഭൂസമരം അവസാനിപ്പിക്കാന്‍ തീരുമാനമായി.

14 വര്‍ഷക്കാലമായി ഭൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ ഉള്‍പ്പടെ തുടരുന്ന പുനലൂര്‍ അരിപ്പ ഭൂസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ സമരസംഘടനകള്‍ അംഗീകരിച്ചതായി റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 35 കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടു തന്നെ അരിപ്പ സമരഭൂമിയില്‍ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും വീതം നല്‍കും. സമരത്തിലുള്ള 209 എസ് സി കുടുംബങ്ങള്‍ക്ക് 12 സെന്റ് വീതവും ജനറല്‍ വിഭാഗത്തില്‍പ്പെട്ട 78 കുടുംബങ്ങള്‍ക്ക് 10 സെന്റ് വീതവും ഭൂമി പതിച്ചു നല്‍കി പട്ടയം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ചര്‍ച്ചയില്‍ അംഗീകരിച്ചത്.

സര്‍ക്കാര്‍ വ്യവസ്ഥകള്‍ സമരക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടന്‍ കടക്കും. നിലവില്‍ ഭൂമി കയ്യേറി കുടില്‍ കെട്ടിയാണ് സമരം നടത്തുന്നത് എന്നതിനാല്‍ അളന്ന് സെറ്റില്‍ ചെയ്യേണ്ടി വരും. ഇതിനായി പുനലൂര്‍ ആര്‍ഡിഒയെ സെറ്റില്‍മെന്റ് ഓഫീസറായി നിയോഗിച്ചതായി മന്ത്രി അറിയിച്ചു. സര്‍വെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച്ച ആരംഭിച്ച് പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കുന്നതിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും റവന്യു വകുപ്പ് മന്ത്രി പറഞ്ഞു. 2026 ജനുവരിയില്‍ പുതുവര്‍ഷ സമ്മാനമായി ഭൂമി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുനലൂര്‍ താലൂക്കിലെ തിങ്കള്‍കരിക്കം വില്ലേജിലെ സര്‍വെ നമ്പര്‍ 745 /1ല്‍പ്പെട്ട 94 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ കൈവശം വച്ചിരുന്നു. 1997 ഓഗസ്റ്റ് നാലിന് പി എസ് സുപാല്‍ എം.എല്‍.എയുടെ ഇടപെടല്‍ അനുസരിച്ച് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ ഇ ഇസ്മയിലിന്റെ നേതൃത്വത്തില്‍ വകുപ്പ് അധികൃതര്‍ ഈ ഭൂമി തിരിച്ചു പിടിച്ചു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഇതില്‍ നിന്ന് 13.55 ഏക്കര്‍ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനും 21.53 ഏക്കര്‍ ചെങ്ങറ ഭൂസമരക്കാര്‍ക്കും കൈമാറി.

ശേഷിക്കുന്ന ഭൂമിയില്‍ 2012 ഡിസംബര്‍ 31 ന് മുതല്‍ ഭൂരഹിതരായ ദളിത്, ആദിവാസി വിഭാഗങ്ങള്‍ ദീര്‍ഘകാല പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ജീവിക്കാനും കൃഷി ചെയ്യാനുമായി ഭൂമി ആവശ്യപ്പെട്ടാണ് 14 വര്‍ഷമായി അവര്‍ സമരം തുടര്‍ന്നത്. അന്നു മുതല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടന്നിരുന്നു. ആധുനിക സംവിധാനങ്ങളോടെ അളന്നതനുസരിച്ച് അരിപ്പയില്‍ 48.8304 ഏക്കര്‍ ഭൂമി ശേഷിക്കുന്നുണ്ട്. ഇവിടെ തന്നെ പുരയിടവും കൃഷിഭൂമിയും വേണമെന്ന സമരക്കാരുടെ ആവശ്യത്തോടാണ് ഈ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. റോഡും കളിസ്ഥലവും ഉള്‍പ്പടെ പൊതു ആവശ്യം ഒഴിച്ച് 39.9 ഏക്കര്‍ ഭൂമിയാണ് അരിപ്പ ഭൂസമരക്കാര്‍ക്ക് അനുവദിക്കുന്നത്. നിരന്തരമായ ഇടപെടലുകളും ചര്‍ച്ചകളും നടത്തിയാണ് സന്തോഷകരമായ തീര്‍പ്പില്‍ എത്തിയിരിക്കുന്നത്.

ഭൂരഹിതരുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ചെങ്ങറ ഭൂസമരം തീര്‍പ്പാക്കി നേരത്തേ ഭൂമി വിതരണം ചെയ്തിരുന്നു. താമസ യോഗ്യമല്ല എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി പലരും ആ ഭൂമി ഉപേക്ഷിച്ചു പോയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടുന്ന ഭൂമി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അന്വേഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനു എസ് നായര്‍ ഐ.എ.എസിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി എസ് സുപാല്‍ എംഎല്‍എയും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ജീവന്‍ ബാബുവും പങ്കെടുത്തു.