മലയാള മനോരമ കയ്യേറിയ 400 ഏക്കർ ഭൂമി പന്തല്ലൂർ ക്ഷേത്രത്തിന് തിരിച്ചു കൊടുത്തില്ല;അസംബ്ലിയിൽ ചോദിക്കാൻ സതീശന് ധൈര്യമുണ്ടോ?

മലയാളത്തിലെ മുത്തശ്ശി പത്രം എന്ന് വിശേഷിപ്പിക്കുന്ന മലയാള മനോരമ കൈയേറിയ 400 ഏക്കർ ഭൂമി ഇപ്പോഴും പന്തല്ലൂർ ക്ഷേത്രത്തിന് തിരിച്ചു കൊടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ .കെ എസ് .രാധാകൃഷ്ണൻ .ഇക്കാര്യം കേരള നിയമസഭയിൽ ചോദിക്കുവാൻ പ്രതിപക്ഷ നേതാവിനു ധൈര്യമുണ്ടോ?എന്നാണ് ഡോ .കെ എസ് .രാധാകൃഷ്ണൻ ഫേസ് ബുക്ക് പോസ്റ്റിൽ
ചോദിക്കുന്നത്.അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ:

“കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്ന എൽ ഡി എഫ്; ശബരിമലയിൽ ആചാരലംഘനമുണ്ടായപ്പോൾ ഗാലറിയിലിരുന്ന് കളികണ്ട കപടനാട്യക്കാരായ യു ഡി എഫ്; കോടതി ഉത്തരവുണ്ടായിട്ടും എന്തുകൊണ്ട് മലയാള മനോരമ കയ്യേറിയ 400 ഏക്കർ ഭൂമി പന്തല്ലൂർ ക്ഷേത്രത്തിന് തിരിച്ചു കൊടുത്തില്ല എന്ന ഒരു ചോദ്യം അസംബ്ലിയിൽ ചോദിക്കാൻ സതീശന് ധൈര്യമുണ്ടോ? ശബരിമലയിലെ സ്വർണ്ണക്കടത്തിന് എതിരെ എൽ ഡി എഫ്

യു ഡി എഫ് മുന്നണികൾ എടുത്തിരിക്കുന്ന നിലപാട് സത്യസന്ധമല്ല എന്ന് പറയാതിരിക്കാൻ കഴിയില്ല. കാരണം, ദേവസ്വം സ്വത്ത് കൊള്ളയടിക്കുന്നവർക്ക് പ്രത്യക്ഷമായും പരോക്ഷമായും കൂട്ട് നിൽക്കുന്നവരാണ് രണ്ട് മുന്നണികളും. എന്താണ് അതിന് തെളിവ് എന്ന ചോദ്യം പ്രസക്തമാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രധാന ദേവസ്വങ്ങളുടെ അധീനതയിലുള്ള മുപ്പതിനായിരത്തിലധികം ഏക്കർ ഭൂമി പലരായി കയ്യേറിയിട്ടുണ്ട്. തിരുവിതാംകൂർ, കൊച്ചി ദേവസ്വങ്ങളുടെ ഭൂമി പ്രധാനമായും കയ്യേറുകയും മറിച്ച് വിൽക്കുകയും ചെയ്തിരിക്കുന്നത് ക്രൈസ്തവ സഭകളും കൈസ്തവ സ്ഥാപനങ്ങളും ചില പ്രമാണിമാരായ വ്യക്തികളുമാണ്. മലബാർ ദേവസ്വം ഭൂമി കയ്യേറിയിരിക്കുന്നത് മുസ്ലിം മതസ്ഥാപനങ്ങളും വഖഫ് ബോർഡും പ്രമാണിമാരായ ചില വ്യക്തികളുമാണ്. ഇതിൻ്റെ എല്ലാം രേഖകൾ പല കേസുകളിലായി കോടതികളിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഭൂമി കയ്യേറ്റ കൊള്ളക്കാരിൽ നിന്നും ദേവസ്വം ഭൂമി വിമോചിപ്പിക്കാൻ എൽ ഡി എഫ് മുന്നണികൾ തയ്യാറാണോ?

രണ്ട് കൂട്ടരും ഒന്നും ചെയ്യില്ല എന്നതാണ് സത്യം.അങ്ങനെ ഒരു തീരുമാനം യു ഡി എഫ് എടുത്താൽ ആ നിമിഷം യു ഡി എഫ് തകരും. ക്രൈസ്തവരും മുസ്ലീങ്ങളും അനുമിഷം യു ഡി എഫിനെ ഉപേക്ഷിക്കും. ആ നിമിഷം തന്നെ സണ്ണി ജോസഫ് കെ പി സി സി പ്രസിഡൻ്റ് പദവി ഒഴിയാനും സാദ്ധ്യതയുണ്ട്. ഈ മുപ്പതിനായിരം ഏക്കറിൽ 400 ഏക്കർ കയ്യേറി കൈവശപ്പെടുത്തി മറിച്ചു വിറ്റത് മലയാള മനോരമയാണ്. മലബാർ ദേവസ്വത്തിൻ്റെ കീഴിലുള്ള പന്തല്ലൂർ ക്ഷേത്രത്തിൻ്റെ ഭൂമിയാണ് മനോരമ കയ്യേറിയത്.

1943ൽ 786 ഏക്കർ, പന്തല്ലൂർ ക്ഷേത്രഭൂമി മനോരമ പാട്ടത്തിന് എടുത്തു. പാട്ടക്കാലാവധി 1974ൽ അവസാനിച്ചു. ഭൂമി തിരിച്ച് നൽകാതെ മനോരമ നിയമ വിരുദ്ധമായി കൈവശം വെച്ചു. അതിൽ 400 ഏക്കർ മറിച്ചു വിൽക്കുകയും ചെയ്തു. ഭൂമി തിരിച്ചു കിട്ടാൻ ദേവസ്വം, കോടതിയെ സമീപിച്ചു. 2002ൽ ജില്ല കോടതി ദേവസ്വത്തിന് അനുകൂലമായി വിധിച്ചു.

മനോരമ അപ്പീൽ നൽകി. 2012ൽ ഹൈക്കോടതി ജില്ല കോടതി, വിധി ശരിവച്ചു. ഭൂമി പിടിച്ചെടുത്ത് നൽകാൻ റവന്യൂ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. 12/10/2014ൽ അന്നത്തെ റവന്യൂ സെക്രട്ടറി ജ്യോതിലാൽ ഭൂമി പിടിച്ചെടുത്ത് നൽകാൻ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി ഉത്തരവിട്ടു. പക്ഷേ ഇതുവരെ ആ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഇതിനിടയിൽ മനോരമ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ല. പന്തല്ലൂർ ക്ഷേത്രഭൂമി പക്ഷേ, ഇതുവരെ ക്ഷേത്രത്തിന് ലഭിച്ചിട്ടില്ല. കോടതി ഉത്തരവുണ്ടായിട്ടും എന്തു കൊണ്ട് ഈ ഭൂമി പന്തല്ലൂർ ക്ഷേത്രത്തിന് തിരിച്ചു കൊടുത്തില്ല എന്ന ഒരു ചോദ്യം അസംബ്ലിയിൽ ചോദിക്കാൻ സതീശന് ധൈര്യമുണ്ടോ? ചോദിക്കില്ല; ചോദിച്ചാൽ അന്നു തെറിക്കും സതീശൻ്റെ പ്രതിപക്ഷ നേതൃപദവി.

ദേവസ്വം ഭൂമി കയ്യേറ്റക്കാർ പൊതുവെ ഇടതുപക്ഷ സഹയാത്രികരോ പാർട്ടി അനുഭാവികളോ അല്ല. എന്നാൽ ഈ കയ്യേറ്റക്കാർക്ക് എതിരെ ഒരു ചെറുവിരൽ അനക്കാൻ എൽ ഡി എഫ് ഒരിയ്ക്കലും തയ്യാറായിട്ടില്ല. 2016 മുതൽ നിങ്ങൾ ഭരിക്കുകയല്ലേ. എന്തുകൊണ്ടാണ് 2014ൽ ഇറക്കിയ ഉത്തരവ് ഇതുവരെ നടപ്പിലാക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ ഭരിക്കുന്ന ദേവസ്വങ്ങൾ ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കാത്തത്?

കോടതി പറഞ്ഞാൽ, അത് അക്ഷരം പ്രതി അനുസരിക്കും എന്ന് ആണയിടുന്ന ദേവസ്വം മന്ത്രിയും മന്ത്രി നിയമിച്ച ദേവസ്വം ബോർഡ് അംഗങ്ങളും അവരെ അനുസരിക്കുന്ന ഉദ്യോഗസ്ഥരും എന്ത് കൊണ്ടാണ് ദേവസ്വം ഭൂമി തിരിച്ചു പിടിക്കാനായി ഒന്നും ചെയ്യാതിരിക്കുന്നത്? ഒരു സി പി എം നേതാവുമായി ഒരിക്കൽ സാന്ദർഭികമായി ഈ വിഷയം സംസാരിക്കാൻ ഇടവന്നു. മേൽ എഴുതിയ ചോദ്യങ്ങൾ ഞാൻ അദ്ദഹത്തോടും ചോദിച്ചു. അത് കൂടാതെ നിങ്ങൾ ആരെയാണ് ഭയക്കുന്നത് എന്നും ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ ഒറ്റവാചക മറുപടി ഇതായിരുന്നു : “ആ പ്രശ്നം തൊട്ടാൽ കേരളത്തിലെ secular fabric തകരും” എന്നാണ്. അതായത് കേരളത്തിൽ

മതേതരത്വം നിലനിൽക്കണമെങ്കിൽ ദേവസ്വം ഭൂമി കയ്യേറ്റത്തെ അംഗീകരിക്കണം എന്ന് സാരം. ഹൈന്ദവ ക്ഷേത്രസ്വത്തുക്കൾ അപഹരിക്കാൻ അന്യർക്ക് അവസരം നൽകി സംരക്ഷിക്കേണ്ടതാണോ മതേതരത്വം ? അങ്ങനെയാണെങ്കിൽ നമ്മൾ കൊട്ടിഘോഷിക്കുന്നSecular Fabricന് ഒരു കീറത്തുണിയുടെ ബലം പോലുമില്ല
എന്ന് സമ്മതിക്കേണ്ടി വരും.

കാരണം എന്തുതന്നെ ആയാലും എൽ ഡി എഫും യു ഡി എഫും ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ തല്പരരല്ല എന്നതാണ് വാസ്തവം. അതുകൊണ്ട് അയ്യപ്പ സംരക്ഷണം എന്ന് പറഞ്ഞുകൊണ്ട് യു ഡി എഫ് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഹൈന്ദവ വോട്ട് ലക്ഷ്യം വെച്ചുള്ള കപടനാട്യം മാത്രമാണ്. സുപ്രീം കോടതി വിധിയുടെ പേരിൽ ശബരിമലയിലെ ആചാരലംഘനം നടന്നപ്പോൾ ഗാലറിയിൽ ഇരുന്ന് കളികണ്ടവരാണ് യു ഡി എഫുകാർ. ഒരു പത്രസമ്മേളനം നടത്തുകയം രണ്ട് നാമജപ യാത്രയിൽ പങ്കെടുക്കുകയും ചെയ്തതിൻ്റെ പേരിൽ 251 ക്രിമനൽ കേസുകളിൽ പ്രതിയാക്കപ്പെട്ട ആളാണ് ഞാൻ.

ഒരു കോൺഗ്രസ്സ് നേതാവിൻ്റെ പേരിലും ഒരു കേസ് പോലും ചാർത്തപ്പെട്ടില്ല എന്നും ഓർക്കണം. എന്നിട്ടും ശബരിമലയുടെ ഗുണഭോക്താക്കളായി അവർ മാറി. അടുത്ത തെരഞ്ഞെടുപ്പ് കണ്ട് അതേ അടവുമായിട്ടാണ് യു ഡി എഫ് ഇറങ്ങുന്നത്. എന്തിനേറെ, മുസ്ലിം ലീഗ് പോലും വേണ്ടി വന്നാൽ ശബരിമല കേറും എന്നാണ് അവരുടെ നാട്യത്തിൽ നിന്നും അനുമാനിക്കാൻ കഴിയുന്നത്. കേരളാ കോൺഗ്രസ്സുകളുടെ കാര്യം പറയാനുമില്ല. അയ്യപ്പനോടും ഹൈന്ദവ ക്ഷേത്രങ്ങളോടും അല്പം പോലും ആത്മാർത്ഥതയില്ലാതെ യുഡി എഫ് കപടനാടകം ആടുന്നു. മതവിരുദ്ധരായ എൽ ഡി എഫ് ആകട്ടെ കള്ളന്മാർക്ക് കഞ്ഞി വെക്കുകയും ചെയ്യുന്നു. സ്വാമി ശരണം!