കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം നാടിൻ്റെ സമഗ്ര വികസനത്തിനുള്ള പദ്ധതി : മന്ത്രി പി.എ മുഹമ്മദ് റിയാസ്

കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം നാടിൻ്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പഴങ്ങാട് സെൻറ് ജോർജ് പള്ളി പാരിഷ് ഹാളിൽ പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ജില്ലകളെയും രണ്ട് നിയോജക മണ്ഡലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കുമ്പളങ്ങി, പെരുമ്പടപ്പ് റോഡുകളെ ദേശീയപാത 66-മായി യോജിപ്പിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലക്കൊപ്പം ടൂറിസം മേഖലക്കും പദ്ധതി ഏറെ ഗുണകരമാകും. പാലത്തിൻ്റെ നിർമ്മാണ പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് സമയബന്ധിതമായി നേരിട്ട് പരിശോധിക്കും.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാതാ വികസനത്തിന് പണം ചെലവഴിക്കാൻ തീരുമാനിച്ചത് ദേശീയ പാത 66-ന് വേണ്ടിയായിരുന്നു. 5600 കോടി രൂപയായിരുന്നു കേരളം ഇതിനായി ചെലവഴിച്ചത്. ലോകത്തെവിടെയുമുള്ള മലയാളികളുടെ സ്വപ്ന പദ്ധതിയായ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 45 മീറ്റർ ആറു വരി പാതയുടെ 444 കിലോമീറ്റർ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് 2026-ൽ കേരള ജനതക്ക് സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

കിഫ്ബി വഴിയായിരുന്നു ദേശീയപാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തിയത്. കിഫ്ബി ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്ന വകുപ്പുകളിലൊന്നാണ് പൊതുമരാമത്ത് വകുപ്പ്.

പശ്ചാത്തല വികസനത്തിനായി കുറേയെറെ പദ്ധതികൾ ഇങ്ങനെ യാഥാർഥ്യമാക്കാൻ കഴിയുന്നു. കേരളം ഇന്നുവരെ കാണാത്ത നിലയിലേക്കാണ് റോഡ്, പാലം, പദ്ധതികൾക്ക് വേണ്ടി തുക ചെലവഴിച്ചിട്ടുള്ളത്.

കോതമംഗലം ഭൂതത്താൻകെട്ട് വടാട്ടുപാറ റോഡ് ഉദ്ഘാടനം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു, ആന്റണി ജോൺ എം എൽ എ സമീപം

അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് 100 പാലങ്ങൾ പൂർത്തീകരിക്കാനായിരുന്നു 2021 മെയ് 20-ന് ഈ സർക്കാർ നിശ്ചയിച്ചത്. എന്നാൽ എണ്ണയിട്ട യന്ത്രം പോലുള്ള പ്രവർത്തനങ്ങളിലൂടെ നാല് വർഷം കൊണ്ട് തന്നെ ആ ലക്ഷ്യം പൂർത്തിയാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ ജെ മാക്സി എം.എൽ.എ അധ്യക്ഷനായി. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, ദലീമ എം.എൽ.എ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ജോസഫ്, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു തോമസ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അംഗം ജോസി സേവ്യർ, പഴങ്ങാട് സെന്റ് ജോർജ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, കേരള റോഡ്സ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ശിൽപ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ കുമ്പളങ്ങി പഞ്ചായത്തിനേയും ആലപ്പുഴ ജില്ലയിലെ അരൂർ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെയാണ് കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം നിർമ്മിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയിൽ എട്ട് സ്‌പാനുൾപ്പെടെ 290.60 മീറ്റർ നീളത്തിലുള്ള പാലവും ഇരുവശങ്ങളിലുമായി 250 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമാണുള്ളത്. 44.20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.

വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ടൂറിസം വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി ആരംഭിച്ച കോടമ്പള്ളി ചിറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.

കവർ ഫോട്ടോ :അടിക്കുറിപ്പ് ;വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ടൂറിസം വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി ആരംഭിച്ച കോടമ്പള്ളി ചിറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു