കേരളത്തിന്റെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഒന്നാം ഘട്ടത്തിൽ പുതിയ ഐടി കെട്ടിടം (ഇൻഫോപാർക്ക് ടവർ) നിർമ്മിക്കുന്നതിന് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. നിരവധി പ്രമുഖ കമ്പനികൾ പ്രവർത്തിക്കുന്ന ഇൻഫോപാർക്ക് കൊച്ചി ക്യാമ്പസിൽ, പുതിയ ഐടി സംരംഭങ്ങളെ ആകർഷിക്കുന്നതിനും നിലവിലെ കമ്പനികളുടെ വികസന ആവശ്യങ്ങൾക്കുമായി ബിൽട്ട് അപ്പ് സ്‌പേസിന്റെ വലിയ ആവശ്യകതയാണുള്ളത്. ഈ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് ഇൻഫോപാർക്ക് ടവർ നിർമ്മിക്കുന്നത്.

ഇൻഫോപാർക്ക് ഒന്നാം ഘട്ടത്തിലെ 88 സെൻ്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുക. നോൺ – എസ് ഇ സെഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ അത്യാധുനിക കെട്ടിടം ഇൻഫോപാർക്കിൻ്റെ തനത് ഫണ്ടും ബാങ്കിൽ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവിൽ ഏകദേശം 1.9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പൂർത്തിയാക്കാനുദ്ദേശിക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ, ഐടി, ഐടി അനുബന്ധ മേഖലകളിലായി 2,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിലെ യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തേകുകയും ആഗോള ഐടി ഭൂപടത്തിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്ന തീരുമാനമാണിത്. കേരളത്തിൻ്റെ ഭാവി ഐടി വികസനത്തിനായി കൂടുതൽ മികച്ച നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാർ.
