പോഷ് ആക്ട്: ആന്തരിക കമ്മിറ്റികൾ ശക്തിപ്പെടുത്തണം

പത്തോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പോഷ് ആക്ടിന്റെ (തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡനം തടയൽ, നിരോധനം, പരിഹാരം നിയമം, 2013) ഭാഗമായുള്ള ആന്തരിക പരാതി കമ്മിറ്റികൾ (ഐ.സി.സി) നിർബന്ധമാണെന്നും ഐ.സി.സി.കളില്ലാത്ത സ്ഥാപനങ്ങൾക്ക് എത്രയും വേഗം അവ രൂപീകരിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകണമെന്നും എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു.

പോഷ് ആക്ടുമായി ബന്ധപ്പെട്ട് കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന അവലോകന യോഗത്തിലാണ് കളക്ടർ ഈ നിർദ്ദേശം നൽകിയത്.ഐ.സി.സി അംഗങ്ങളുടെ വിവരങ്ങൾ, പരാതി സംബന്ധിച്ച വിവരങ്ങൾ, റിപ്പോർട്ട് എന്നിവ posh.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

പോഷ് ആക്ടിനെ കുറിച്ച് ബോധവൽക്കരണം ഊർജ്ജിതമാക്കാൻ കാമ്പയിനുകൾ ആവിഷ്കരിക്കുവാനും, പരിശീലന പരിപാടികൾ സംഘടിപ്പിക്കുവാനും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.