മരട് നഗരസഭാ പരിധിയിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹരിത കർമ്മ സേന. നിലവിൽ വാർഡ് തലത്തിൽ ഒന്നോ രണ്ടോ പേർ ചേർന്നാണ് പ്രവർത്തനം. നഗരസഭയിലെ 33 വാർഡുകൾ നാല് ക്ലസ്റ്ററുകളാകുന്നതോടെ ഹരിത കർമ്മ സേനാംഗങ്ങൾ അവധിയിലായാലും പ്രവർത്തനങ്ങൾ നടക്കും. കൂടാതെ വീടുകളിലെത്തിയുള്ള മാലിന്യശേഖരണവും യൂസർ ഫീ പിരിക്കലും എളുപ്പമാകും.
നഗരസഭ ചെയർപേഴ്സൺ ആന്റണി ആശാം പറമ്പിൽ ക്ലസ്റ്റർ പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

പൊതുജനങ്ങൾക്ക് മാലിന്യ സംസ്കരണ രംഗത്ത് മെച്ചപ്പെട്ട സേവനം നൽകുവാനും, ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൂടുതൽ വരുമാനം നേടുവാനും ക്ലസ്റ്റർ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിനി തോമസ്, കൗൺസിലർമാരായ ചന്ദ്ര കലാധരൻ, മിനി ഷാജി, മോളി ഡെന്നി ,സെക്രട്ടറി നാസിം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
