ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിന് അന്തിമരൂപം നല്‍കാനുള്ള അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്കായി ഈജിപ്തിലെ ഷാം എല്‍-ഷൈഖിലേക്ക് പോവുകയായിരുന്ന മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു. മറ്റ് രണ്ട് നയതന്ത്രജ്ഞര്‍ക്ക് പരിക്കേറ്റു. ഷാം എല്‍-ഷെയ്ക്കില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം ഉണ്ടായത്.

ഖത്തര്‍ പ്രോട്ടോക്കോള്‍ ടീമിലെ അംഗങ്ങളായിരുന്നു അപകടത്തില്‍പ്പെട്ട നയതന്ത്രജ്ഞര്‍. ഈജിപ്ഷ്യന്‍ നഗരമായ ഷാം എല്‍-ഷെയ്ക്കില്‍ നാളെ (തിങ്കളാഴ്ച) നടക്കുന്ന നിര്‍ണായക സമാധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ലോകരാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിന് അന്തിമരൂപം നല്‍കാനുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയും സംയുക്തമായാണ് യോഗത്തിന് നേതൃത്വം നല്‍കുകയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.

ബന്ദി മോചനം നാളെ ആരംഭിക്കും അതേസമയം, ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള തടവുകാരുടെയും ബന്ദികളുടെയും മോചനത്തിന് മുന്നോടിയായുള്ള നടപടികള്‍ ആരംഭിച്ചു. ഇസ്രയേല്‍ സൈന്യത്തിന്റെ പുനര്‍വിന്യാസം നടന്ന് 72 മണിക്കൂറിനകം മോചനം പൂര്‍ത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ.
വെള്ളിയാഴ്ച ഉച്ചയോടെ ഇസ്രായേല്‍ സൈനിക പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍, നാളെ മോചനനടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. ഞായറാഴ്ച രാത്രിയോടെ തന്നെ മോചന നടപടികള്‍ക്ക് തുടക്കമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2023 ഒക്ടോബര്‍ 7ന് ഹമാസ് പിടികൂടിയവരില്‍ ഇനി മോചിപ്പിക്കാനുള്ളത് 48 പേരാണ്. ഇതില്‍ 20 പേര്‍ ജീവനോടെയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പകരമായി, 250 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പട്ടിക കഴിഞ്ഞ ദിവസം ഇസ്രായേല്‍ പുറത്തിറക്കിയിരുന്നു.