എൻ്റെ ഭൂമി പോർട്ടൽ, ഡിജിറ്റൽ സർവെ ;സർവെ വകുപ്പിൻ്റെ ഭാവി ലക്ഷ്യങ്ങൾ ചർച്ച ചെയ്ത് വിഷൻ 2031

സർവെ വകുപ്പിൻ്റെ ഭാവി ലക്ഷ്യങ്ങളും ആശയങ്ങളും ചർച്ചയാക്കി വിഷൻ 2031 സംസ്ഥാന തല സെമിനാർ. സെമിനാറിൻ്റെ ഭാഗമായി സർവെ വകുപ്പ് ഉദ്യോഗസ്ഥർ “ഫ്യൂച്ചറിസ്റ്റിക് സർവെ ഡിപാർട്ട്മെൻ്റ് – ഫ്രം സർവെയേർസ് ടു ജിയോ സ്പെഷ്യൽ ലാൻഡ് അഡ്മിനിസ്ട്രേറ്റേഴ്സ്” എന്ന വിഷയത്തിൽ നടത്തിയ പാനൽ ചർച്ചയിലാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്തത്.

എൻ്റെ ഭൂമി പോർട്ടൽ, ഡിജിറ്റൽ സർവെ എന്നിവ വഴി സർവെ വകുപ്പ് പല വകുപ്പുകളുടെ ഏകോപന കേന്ദ്രമായി എങ്ങനെ മാറുന്നു എന്നും, വകുപ്പ് എങ്ങനെ സ്വയം പുനർനിർമ്മാണം ചെയ്യുന്നു എന്നും സെമിനാറിൽ ചർച്ച ചെയ്തു.

രജിസ്ട്രേഷൻ വകുപ്പ് ഐജി കെ. മീരയുടെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ചയിൽ സർവെ വകുപ്പ് ഉദ്യോഗസ്ഥരായ എം. ആർ ജയകുമാർ, ജോൺ ബോസ്കോ, എസ്. അജിത്ത്, എം. എസ് അരുൺ എന്നിവർ വിഷയാവതരണം നടത്തി.

‘മാപ്പിങ്ങിൽ നിന്ന് മാനേജ്മെന്റിലേക്ക്: സർവെ വകുപ്പിൻ്റെ നവീകരിച്ച ദൗത്യങ്ങൾ’ എന്ന വിഷയത്തിൽ എം ആർ ജയകുമാർ സംസാരിച്ചു. ഡിജിറ്റൽ ടൂൾസും ആധുനിക സർവെ ടെക്നിക്കുകളും ഉപയോഗിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ എങ്ങനെ ആധുനികവൽക്കരിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

‘വികസന മേഖലകൾ: പ്രത്യേക സർവെ വെർട്ടിക്കലുകൾ രൂപപ്പെടുത്തൽ’ എന്ന വിഷയത്തിൽ ജോൺ ബോസ്കോ സംസാരിച്ചു. ലാൻഡ് അക്വിസിഷൻ, ത്രീ ഡി അർബൻ മാപ്പിംഗ്, ഡിസാസ്റ്റർ മാപ്പിംഗ്, യൂട്ടിലിറ്റി മാപ്പിംഗ്, പരിസ്ഥിതി സേവനം എന്നീ അഞ്ച് മേഖലകളിലായി സർവെ വകുപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ ഡാറ്റകൾ സംയോജിപ്പിച്ചു കൊണ്ടുള്ള ജിയോ ഹബ്ബായി സർവെ വകുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളാസ് ജിയോ സ്പെഷ്യൽ ആർ & ഡി ഹബ്ബ്: ഇന്നൊവേഷനും ശേഷി വികസനത്തിനും നേതൃത്വം നൽകൽ’ എന്ന വിഷയത്തിൽ എസ് അജിത്ത് സംസാരിച്ചു. 2028-ഓടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയ ശേഷം, സർവെ വകുപ്പിന് ലഭ്യമാകുന്ന ഡാറ്റാബേസ് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നൂതന സാങ്കേതിക പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് ചർച്ച ചെയ്തു.

പൊതു ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ത്രീഡി മാപ്പ് വഴി നാവിഗേഷൻ നൽകുന്ന കേരള ത്രീഡി നാവിഗേഷൻ ആപ്ലിക്കേഷൻ വികസിപ്പിക്കുക, സർവെ, റവന്യൂ തുടങ്ങിയ റിപ്പോർട്ട് വകുപ്പുകൾ ചേർന്ന് പ്രോപ്പർട്ടി കാർഡ് തയ്യാറാക്കുക, പുരാതന സർവെ ഉപകരണങ്ങളും ആധുനിക ഉപകരണങ്ങളും ഡിജിറ്റൽ ലൈബ്രറിയും ഉൾപ്പെടുത്തി സർവെ മ്യൂസിയം സ്ഥാപിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിലബസ് ഉൾപ്പെടുത്തി സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.

‘ജിയോ സ്പെഷ്യൽ വിദഗ്ദ്ധരുടെ ഭാവി തലമുറയെ സജ്ജമാക്കൽ’ എന്ന വിഷയത്തിൽ എം.എസ് അരുൺ സംസാരിച്ചു. കേരളത്തിൽ 2028-ന് ശേഷം ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ സർവെ വകുപ്പിൽ വരുത്തേണ്ട ഭരണപരവും ഘടനാപരവുമായ മാറ്റങ്ങളെയും, പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ട നേട്ടങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.