സ്വർണം ചെമ്പായ കേസ് : തിരുവിതാംകൂർ ദേവസ്വം ബോർഡിനു ഗുരുതരമായ വീഴ്ച സംഭവിച്ചു.

ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. സി.പി.എം നേതാവും മുൻ എം എൽ എ യുമായ പദ്മകുമാർ ആയിരുന്നു അന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട്.

2019 മാർച്ച് മുതൽ ഒക്ടോബർ മാസം വരെ നടന്നിട്ടുള്ള വലിയ തട്ടിപ്പാണ് കോടതിയുടെ ഉത്തരവിലൂടെ ഇപ്പോൾ പുറത്തേക്ക് വരുന്നത്. 2019 മാർച്ച് മാസത്തിലാണ് ശബരിമല ശ്രീകോവിലിലെ വാതിൽ പാളികൾ സ്വർണം പൂശുന്നതിനു വേണ്ടി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകുന്നത്.ഈ പാളികൾ കൊണ്ടുപോയപ്പോൾ ‘ചെമ്പുപാളികൾ’ എന്ന് രേഖപ്പെടുത്തി. ദേവസ്വം ബോർഡിൻ്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തിയ കൽപേഷ് എന്ന വ്യക്തിക്കാണ് സ്വർണപ്പാളി കൈമാറിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൽപേഷിനാണ് സ്വർണം കൈമാറിയത് എന്ന് സ്മാർട്ട് ക്രിയേഷൻസിലെ റെക്കോർഡുകൾ വ്യക്തമാക്കുന്നതായി ഹൈക്കോടതി ഉത്തരവിൽ പറയുന്നു.ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ കവചം മാറ്റിയതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമീഷണർ റിപ്പോർട്ടിനെ തുടർന്ന് സ്വമേധയാ എടുത്ത നടപടി സംബന്ധിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്വാതിൽപാളികൾ അഴിച്ചെടുത്ത ഘട്ടത്തിൽ ശബരിമല സന്നിധാനത്ത് വെച്ച് ഒരു മഹസർ തയ്യാറാക്കിയിരുന്നു. ഈ മഹസറിൽ അന്നത്തെ തന്ത്രിയായ കണ്ഠര് രാജീവരും മേൽശാന്തിയും അടക്കം ഒൻപത് പേർ ഒപ്പിട്ടിരുന്നു. എന്നാൽ, സ്വർണം പൊതിഞ്ഞ പാളികൾ എന്നതിനു പകരം വെറും ചെമ്പുപാളികൾ എന്നാണ് ഈ മഹസറിലും എഴുതിയിരുന്നത്.

ആകെ 14 പീസുകളിൽ നിന്നാണ് സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിച്ചെടുത്തത്. 989 ഗ്രാം സ്വർണം വേർതിരിച്ചെടുത്ത ശേഷം അതിന്‍റെ ബാക്കിപത്രവും കൈമാറ്റവും സംബന്ധിച്ച വിവരങ്ങൾ ഹൈക്കോടതിയുടെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് അവരുടെ ചിലവിലേക്കായി 109 ഗ്രാം സ്വർണം എടുത്തു. 394.91 ഗ്രാം സ്വർണം മാത്രമാണ് യഥാർത്ഥത്തിൽ പൂശിയിരിക്കുന്നത്. ശേഷിക്കുന്ന 474.91 ഗ്രാം സ്വർണമാണ് കട്ടിയാക്കി കൈമാറിയിരിക്കുന്നത്.

തങ്ങളുടെ കൈവശം കിട്ടിയത് ഒരു തരി പൊന്നു പോലുമില്ലാത്ത ചെമ്പുപാളികളാണ് എന്നാണ് സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മഹസറിൽ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിനെ ഉപയോഗിച്ചുകൊണ്ട്, തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും കൈവശം കിട്ടിയത് ചെമ്പുപാളികളാണെന്നും സമർത്ഥിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസും ശ്രമിച്ചു. അതായത്, ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ സ്മാർട്ട് ക്രിയേഷൻസും ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തം.

ദ്വാരപാലക ശില്പവും അനുബന്ധ ഫ്രെയിമുകളും സ്വർണം പൂശാനായി എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചു. 989 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. ഇതിൽ പകുതി സ്വർണം മാത്രമാണ് പൂശിയത്. 404.8 ഗ്രാം സ്വർണമാണ് ഇതിനായി ഉപയോ​ഗിച്ചത്. സ്മാർട്ട് ക്രിയേഷൻസിന് 109.243 ഗ്രാം സ്വർണവും കൈമാറി. പിന്നീട് 474.9 ഗ്രാം സ്വർണം മിച്ചമുണ്ടായിരുന്നതായും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ബാക്കി സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചു. എന്നാൽ, അത് ബോർഡിനെ തിരിച്ചേൽപ്പിച്ചിട്ടില്ലെന്ന് വിജിലൻസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.ഒക്ടോബർ 21ന് കേസ് വീണ്ടും പരി​ഗണിക്കും.