സി പി എം ജനറൽ സെക്രട്ടറിയുടെ പ്രതികരണം വസ്തുതകൾ മനസിലാകാതെയുള്ളതാണെന്ന് മുഖ്യമന്ത്രി

തന്റെ മകൻ വിവേക് കിരണിന് കളളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്മെൻ്റ് ഡയറക്ടറേററ് (ഇഡി) സമൻസ് അയച്ചു എന്ന വാർത്ത സംബന്ധിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പ്രതികരണം വസ്തുതകൾ മനസിലാകാതെയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്ങനെ ഒരു സമൻസ് കിട്ടിയിട്ടില്ല.അദ്ദേഹം വാർത്തകൾ കണ്ട് പ്രതികരിച്ചതായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന് എതിരായ നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്നായിരുന്നു ചെന്നൈയില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ ബേബി പ്രതികരിച്ചിരുന്നത്. ഇഡി നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയത്. ഇഡി ബിജെപി സർക്കാരിന്‍റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്‍റ് ആണെന്നും വസ്തുതകൾ ഇല്ലാത്ത നോട്ടീസാണിതെന്നും നോട്ടീസ് അയച്ചിട്ട്‌ അതില്‍ അവര്‍ക്കുതന്നെ പിന്നീട് കഴമ്പില്ലെന്ന് കണ്ട് പിന്‍വലിക്കേണ്ടിവന്നതാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

മക്കൾ രണ്ടു പേരും കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം നടക്കുന്നവരാണെന്ന് പിണറായി വിജയൻ പറഞ്ഞു. മക്കൾ ഇതു വരെ യാതൊരു വിധത്തിലുള്ള ദുഷ്പേരും ഉണ്ടാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ മകനായിട്ടും ക്ലിഫ് ഹൗസിലെത്ര മുറിയുണ്ടെന്നും പോലും മകനറിയില്ല. മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്നയാളാണ് തന്‍റെ മകൻ. രണ്ടു മക്കളെക്കുറിച്ചും തനിക്കഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാഷ്ട്രീയപ്രവർത്തനം സുതാര്യമാണ്. കളങ്കിതനാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. രാഷ്ട്രീയ ആവശ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അഴിമതിയെ അംഗീകരിക്കില്ല. അഴിമതി വിരുദ്ധ നയങ്ങളിൽ കുടുംബം എന്നും ഒപ്പം നിന്നു. ഏജൻസിയുടെ സമൻസ് താനിതു വരെ നേരിട്ട് കണ്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തെറ്റായ ചിത്രം വരച്ചു കാട്ടാനാണ് ശ്രമമെന്നും ആരോപിച്ചു.

വിവേക് കിരണിന് സമൻസ് രേഖയുടെ പകർപ്പ് സഹിതം മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണ് മുഖ്യമന്ത്രി നിഷേധിച്ചത്. വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ൽ അയച്ച സമൻസ് ആണിത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലും ഈ വിവരമുണ്ട്.

നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇ.ഡി അതിന്റെ ഭാഗമായാണ് സമൻസ് അയച്ചതെന്നാണ് വിവരം. അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദ് ആണ് സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്. എന്നാൽ, വിവേക് ഹാജരായില്ല. അതേ ഓഫിസിൽ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറിൻ്റെ അറസ്റ്റ് വരെ നീണ്ട ലൈഫ് മിഷൻ അന്വേഷണം ഒരുഘട്ടത്തിൽ ക്ലിഫ് ഹൗസിലേക്കും മുഖ്യമന്ത്രിയുടെ മകനിലേക്കും വരെ എത്തിയതിൻ്റെ പുറത്തറിയാത്ത വിവരമാണു സമൻസിലുള്ളത്. സമൻസിൽ ഹാജരാകാതിരുന്ന വിവേകിനെതിരെ ഇ.ഡിയുടെ ഭാഗത്തുനിന്നു പിന്നീട് എന്തു നടപടിയുണ്ടായി എന്നതു പുറത്തു വന്നിട്ടില്ല. അബുദാബിയിൽ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങൾ യുഎഇ അധികൃതരിൽനിന്ന് ഇ.ഡി തേടിയിരുന്നതായി സൂചനയുണ്ട്. അതിനു ശേഷം എന്തു സംഭവിച്ചെന്ന് അറിവായിട്ടില്ല എന്നും മനോരമ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

സമൻസിൽ അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ – ‘കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ അന്വേഷിക്കുന്ന കേസിൽ വിവേക് കിരണിന്റെ സാന്നിധ്യം അനിവാര്യമാണെന്നു ഞാൻ കരുതുന്നു. 2023 ഫെബ്രുവരി 14നു രാവിലെ 10.30ന് എൻ്റെ ഓഫിസിൽ ഹാജരാകുക’. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട് എന്ന് മനോരമ പറയുന്നു.

2018 ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവിൽ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോൺസുലേറ്റ് മുഖേന സംസ്ഥാന സർക്കാരിനു പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിർമാണക്കരാർ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നൽകിയെന്ന് ഇ.ഡി കണ്ടെത്തി. ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയവർക്കും ക്രമക്കേടിൽ പങ്കുള്ളതായി ഇ.ഡി മനസ്സിലാക്കി. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് ആണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നിഷേധിച്ചത്.